പൗരത്വ പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പൊലീസ് സ്റ്റേഷനിലാക്കി യൂബർ ഡ്രൈവർ ; ബി.ജെ.പിയുടെ അനുമോദനത്തിന് പിന്നാലെ ഡ്രൈവറുടെ പണി തെറിപ്പിച്ച് യൂബർ

Jaihind News Bureau
Saturday, February 8, 2020

മുംബൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ഫോണില്‍ സംസാരിച്ചതിന് കവിയെ പൊലീസില്‍ ഏല്‍പിച്ച് ഊബർ ഡ്രൈവർ. മുംബൈയില്‍ വെച്ചായിരുന്നു കവിയായ ബപ്പാദിത്യ സർക്കാരിന് ദുരനുഭവം നേരിടേണ്ടിവന്നത്. പിന്നാലെ അഭിനന്ദനവുമായി രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ ഡ്രൈവറുടെ ‘പൗരത്വ ജാഗ്രത’യ്ക്ക് പുരസ്കാരവും നല്‍കി. മുംബൈ ബി.ജെ.പി അധ്യക്ഷന്‍ എം.പി ലോധയുടെ നേതൃത്വത്തിലാണ് ഡ്രൈവറെ അനുമോദിച്ചത്. അതേസമയം യാത്രക്കാന് നേരെയുണ്ടായ മോശം പെരുമാറ്റത്തെ തുടർന്ന് ഡ്രൈവറെ യൂബര്‍ സസ്പെന്‍ഡ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കുചേരാനായാണ് ജയ്പൂര്‍ സ്വദേശിയായ കവി ബപ്പാദിത്യ സർക്കാര്‍ എത്തിയത്. ബുധനാഴ്ച രാത്രി മുംബ‌ൈയിലെ ജുഹുവില്‍ നിന്നും കുർലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭാഷണം ശ്രദ്ധിച്ച യൂബര്‍ ഡ്രൈവർ എ.ടി.എമ്മിൽ നിന്നും പണമെടുക്കാനുണ്ടെന്ന് പറഞ്ഞ് ഇടക്ക് വണ്ടി നിർത്തി. പിന്നീട് പൊലീസുമായി തിരിച്ചെത്തിയ ഡ്രൈവർ ബപ്പാദിത്യയെ ചൂണ്ടിക്കാണിക്കുകയായിരുന്നു.

രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് സുഹൃത്തിനോട് ഫോണില്‍ ചർച്ച ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ബപ്പാദിത്യ പറയുന്നു. ഡ്രൈവറുടെ പെരുമാറ്റം തനിക്ക് ഭീതിജനകമായിരുന്നുവെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. താൻ രാജ്യദ്രോഹിയാണെന്നും മറ്റെവിടെയും കൊണ്ടുപോകാതെ പൊലീസിലേല്‍പിച്ചതിൽ അയാളോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഡ്രൈവർ ഭീഷണി സ്വരത്തില്‍ സംസാരിച്ചതായി ബപ്പാദിത്യ പറയുന്നു. ദീർഘനേരം ചോദ്യം ചെയ്തതിന് ശേഷം പുലർച്ചെ 1.30 ഓടെയാണ് പൊലീസ് ബപ്പാദിത്യയെ വിട്ടയച്ചത്. വായിച്ച പുസ്തകങ്ങള്‍, എഴുതിയ കവിതകള്‍, തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാട് തുടങ്ങി നിരവധി കാര്യങ്ങള്‍ പൊലീസ് തിരക്കിയതായും ബപ്പാദിത്യ പറഞ്ഞു.

അതേസമയം യാത്രക്കാരന് സംഭവിച്ച മോശം പെരുമാറ്റത്തില്‍ യൂബര്‍ അധികൃതർ ക്ഷമാപണം നടത്തി. ഡ്രൈവറെ ജോലിയില്‍ നിന്ന് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായും യൂബര്‍ അധികൃതര്‍ അറിയിച്ചു. യൂബര്‍ നടപടി ശരിയായില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.