കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജാഥ

Jaihind News Bureau
Sunday, February 2, 2020

കോട്ടയം : കോൺഗ്രസ് രാജ്യം ഭരിച്ചിരുന്നപ്പോൾ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചതെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജാഥയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനം തലയോലപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനിമോൾ ഉസ്മാൻ.

വൈക്കം കാട്ടിക്കുന്നിൽ നിന്നും ആരംഭിച്ച പദയാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. പതിനെട്ട് ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര ഫെബ്രുവരി 28നാണ് സമാപിക്കുന്നത്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികളുമായി കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ചരിത്രമുറങ്ങുന്ന വൈക്കത്തെ കാട്ടിക്കുന്നിൽ നിന്നും ആയിരങ്ങളുടെ അകമ്പടിയോടെയാണ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജാഥ ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് ജാഥയെ വരവേറ്റത്. കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,  കെ ബാബു, കെ.സി ജോസഫ്, ജെയ്സൺ ജോസഫ്‌, ലതികാ സുഭാഷ്, ഐ.കെ രാജു, ജോസി സെബാസ്റ്റ്യൻ, ടോമി കല്ലാനി തുടങ്ങിയ നേതാക്കൾ  ഉദ്ഘാടന സമ്മേളനം ഉള്‍പ്പെടെയുള്ള വിവിധ യോഗങ്ങളിൽ സന്നിഹിതരായിരുന്നു.