കേരളത്തിലെ സമരങ്ങളെ പ്രധാനമന്ത്രി അപമാനിക്കുന്നു ; മോദിക്ക് ഇതിന് അവസരം ഒരുക്കിയത് പിണറായി വിജയന്‍ : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Sunday, February 9, 2020

 

തൃശൂർ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരങ്ങളെ പ്രധാനമന്ത്രി അപമാനിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്ക് ഇതിനുള്ള അവസരം നൽകിയെന്നും ഉമ്മൻ ചാണ്ടി തൃശൂരിൽ പറഞ്ഞു.

നെഹ്റു ദർശന വേദി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.
പൗരത്വ നിയമം ന്യായീകരിക്കാൻ വേണ്ടി രാഷ്ട്രപിതാവിനെ പോലും അവഹേളിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ സമരം നടത്തുന്നവരെ അപമാനിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ പോലും മുഖ്യമന്ത്രിക്കായില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

മുൻ മന്ത്രി കെ.പി വിശ്വനാഥൻ ഭരണഘനാ സംരക്ഷണ സദസില്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ ബെന്നി ബഹന്നാൻ, തേറമ്പിൽ രാമകൃഷ്ണൻ, ഒ അബ്ദു റഹ്മാൻ കുട്ടി, പി.എ മാധവൻ, എം.പി വിൻസെന്‍റ്, എം.കെ പോൾസൺ തുടങ്ങിയവരും സംസാരിച്ചു.