ഉമ്മന്‍ ചാണ്ടി @ 50 : നിയമസഭാംഗത്വത്തിന്‍റെ 50 വർഷം പൂർത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക് സഭയുടെ ആദരം | Video

Jaihind News Bureau
Friday, January 22, 2021

 

തിരുവനന്തപുരം : നിയമസഭാംഗത്വത്തിന്‍റെ 50 വർഷം പൂർത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക് ആദരവർപ്പിച്ച് സഭ. ജനങ്ങള്‍ക്കിടയില്‍ സവിശേഷമായ ലഹരിയോടെ ജീവിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രവർത്തനശൈലി പഠനാർഹമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ അംഗീകാരം നേടി പൊതുരംഗത്ത് കർമ്മനിരതനായ ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയ പ്രവർത്തനവും ജനങ്ങൾക്കായുള്ള ഇടപെടലുകളും തുടർന്നും നടത്താനുള്ള പൂർണ്ണ ആരോഗ്യം ഉണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിന്‍റെ ഒരു വിസ്മയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു. നാടിന്‍റെ വളർച്ചയ്ക്ക് ഉമ്മൻ ചാണ്ടി നൽകിയ നിസ്തുലമായ സംഭാവനകളെ ഓർക്കുന്നതായും ഇനിയും ദീർഘകാലം കേരളരാഷ്ട്രീയത്തിനും കോൺഗ്രസ് പാർട്ടിക്കും നേതൃത്വം കൊടുക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും രമേശ് ചെന്നിത്തല ആശംസിച്ചു.

 

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

”കേരള രാഷ്ട്രീയത്തിലെ അപൂർവതകളിലൊന്നാണ് നിയമസഭാംഗത്വത്തിന്‍റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സാഹചര്യം. അടി മുതൽ മുടി വരെ പ്രവർത്തനസന്നദ്ധതയും ജനങ്ങൾക്കിടയിൽ സവിശേഷവും അപൂർവ്വവുമായ ഒരു ലഹരിയോടെ ജീവിക്കുകയും ചെയ്യുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം പോലെ പഠനാർഹമാണ്. ജനപ്രാതിനിധ്യത്തിന്‍റെ അരനൂറ്റാണ്ട് പിന്നിടുമ്പോഴും മടുപ്പില്ലാത്ത പൊതുജീവിതത്തിന്‍റെ വിസ്മയം തീർത്തുകൊണ്ടിരിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടിക്ക് സഭയുടെ അഭിവാദനങ്ങൾ, അനുമോദനങ്ങൾ അറിയിക്കുന്നു.”

മുഖ്യമന്ത്രി പിണറായി വിജയന്‍

”നിയമസഭാംഗത്വത്തിന്‍റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കുന്ന ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടിക്ക് അനുമോദനങ്ങൾ അങ്ങയുടെ വികാരത്തിനൊപ്പം ചേർന്നുകൊണ്ട് അറിയിക്കുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ കടന്നുവന്ന അദ്ദേഹം 1970 ലെ നാലാം കേരള നിയമസഭയിലാണ് ആദ്യമായി അംഗമാകുന്നത്. ആ സഭയിൽ ഞാനും അംഗമായിരുന്നു. അതിന് ശേഷം 11 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പുതുപ്പള്ളി നിയോജനമണ്ഡലത്തിൽ നിന്ന് അദ്ദേഹം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്‍ററി ജനാധിപത്യത്തിൽ ഇത് അപൂർവ്വമാണ്. യശശരീരനായ ശ്രീ കെ.എം മാണിയെയും ഇതുപോലൊരു അവസരത്തിൽ ഈ സഭയിൽ വെച്ച് അനുമോദിക്കാൻ അവസരം ലഭിച്ചിരുന്നു. 14-ാം കേരള നിയമസഭ രണ്ടംഗങ്ങളുടെ സേവനത്തിന്‍റെ സുവർണ്ണജൂബിലിക്ക് സാക്ഷ്യം വഹിച്ചുവെന്നത് അപൂർവമായ നേട്ടമാണ്. ശ്രീ. ഉമ്മൻചാണ്ടിക്ക് തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ പ്രധാന ചുമതലയുള്ള വകുപ്പുകളുടെ മന്ത്രിയായും രണ്ടുതവണ കേരള മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചുള്ള വിപുലമായ പാർലമെന്‍ററി പ്രവർത്തന പാരമ്പര്യമുണ്ട്. ജനങ്ങളുടെ അംഗീകാരം നേടി പൊതുരംഗത്ത് കർമ്മനിരതനായ ശ്രീ ഉമ്മൻ ചാണ്ടിക്ക് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവർത്തനവും ജനങ്ങൾക്കായുള്ള ഇടപെടലുകളും തുടർന്നും നടത്താനുള്ള പൂർണ്ണ ആരോഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.”

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

”സർ കേരള നിയമസഭയിലെ അപൂർവ്വതകളിൽ അപൂർവ്വമായ ഒരു നിമിഷമാണിത്. അങ്ങും ബഹുമാന്യനായ മുഖ്യമന്ത്രിയും ചൂണ്ടിക്കാണിച്ച അഭിപ്രായങ്ങളോട് ഞാൻ പൂർണ്ണമായും യോജിക്കുകയാണ്. ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിന്‍റെ ഒരു വിസ്മയമാണ്. എപ്പോഴും ജനങ്ങളോടൊപ്പം ജീവിക്കുകയും ജനങ്ങളോടൊപ്പം നീങ്ങുകയും ചെയ്യുന്ന അനിതരസാധാരണമായ ഒരു പ്രവർത്തനശൈലിയുടെ ഉടമയാണ്. കെ.എസ്.യു പ്രസ്ഥാനത്തിലൂടെ പൊതുജീവിതത്തിലേക്ക് കടന്നുവന്ന ശ്രീ. ഉമ്മൻ ചാണ്ടി പ്രവർത്തിച്ച എല്ലാ മേഖലകളിലും സഹപ്രവർത്തകരുടെയും ജനങ്ങളുടെയും ആദരവും സ്‌നേഹവും പിടിച്ചുപറ്റിയിട്ടുള്ള ഒരു നേതാവാണ്. 1970 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചത്. അന്നുമുതൽ ഇന്നുവരെ ഈ നിയമസഭയിൽ ഒരേ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച്, ശ്രീ. കെ.എം മാണി സാറിനെപ്പോലെ 50 വർഷം അദ്ദേഹം പൂർത്തീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഏറ്റവും കരുത്തുള്ള മുഖമാണ് ശ്രീ. ഉമ്മൻ ചാണ്ടി. കെ.എസ്.യു പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ്, തൊഴിൽ വകുപ്പ് മന്ത്രി, ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി അതോടൊപ്പം തന്നെ രണ്ടുതവണ കേരളത്തിന്‍റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഇപ്പോൾ എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തകസമിതിയംഗം എന്ന നിലയിലെല്ലാം അഭിമാനകരമായ പ്രവർത്തന റെക്കോർഡ് സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാവരോടും സ്‌നേഹപൂർണ്ണമായി പെരുമാറുന്ന, സ്വന്തം ശരീരത്തിലേക്ക് കല്ല് വലിച്ചെറിഞ്ഞ ആളിനെപ്പോലും സ്‌നേഹത്തോടെ കെട്ടിപ്പുണരാൻ കഴിയുന്ന ഒരു മനോഭാവത്തിനുടമയാണ് ശ്രീ. ഉമ്മൻ ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷമെന്നോ ഭരണകക്ഷിയെന്നോ ഉള്ള വ്യത്യാസമില്ലാതെ തന്‍റെ മുന്നിൽ വരുന്ന ആവലാതികൾ പരിഹരിക്കാൻ അദ്ദേഹമെടുത്ത ശ്രമങ്ങൾ മാതൃകാപരമാണ് എന്ന് ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ നാടിന്‍റെ വളർച്ചയുടെ വഴിത്താരയിൽ ശ്രീ ഉമ്മൻ ചാണ്ടി നൽകിയ നിസ്തുലമായ സംഭാവനകളെ ഞാൻ ഓർക്കുന്നു. ഇനിയും ദീർഘകാലം കേരളരാഷ്ട്രീയത്തിനും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കും നേതൃത്വം കൊടുക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു.”

https://www.facebook.com/JaihindNewsChannel/videos/156338599599558