ഷഹീന്‍ബാഗില്‍ പിഞ്ച് കുഞ്ഞിന്‍റെ മരണം ; പ്രതിഷേധങ്ങളില്‍ പ്രായപൂർത്തിയാകാത്തവരുടെ സാന്നിധ്യം ഒഴിവാക്കാന്‍ ഇടപെട്ട് സുപ്രീം കോടതി

Jaihind News Bureau
Friday, February 7, 2020

ന്യൂഡല്‍ഹി : പ്രക്ഷോഭങ്ങളില്‍ പ്രായപൂർത്തിയാകാത്തവരുടെ സാന്നിധ്യം ഒഴിവാക്കാന്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ഷഹീൻബാഗിൽ മാതാപിതാക്കൾ കുഞ്ഞിനെയും കൊണ്ട് പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് മുഹമ്മദ് ജഹാൻ എന്ന നാല് മാസം മാത്രം പ്രായമുള്ള ഒരു കുട്ടി മരിച്ചിരുന്നു. കൊടുംതണുപ്പിൽ രാപ്പകൽ ഭേദമില്ലാതെ കഴിയേണ്ടി വന്നതിനെ തുടർന്ന്  കുഞ്ഞിന്‍റെ ആരോഗ്യനില മോശമാവുകയുംമരണം സംഭവിക്കുകയുമായിരുന്നു. പ്രക്ഷോഭങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാനാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

നേരത്തെ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച കുട്ടികളിൽ ഒരാളായ സെൻ ഗുണരത്തൻ എന്ന പന്ത്രണ്ട് വയസുകാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. കുട്ടികളെ സമരങ്ങളിലോ പ്രക്ഷോഭങ്ങളിലോ പങ്കെടുപ്പിക്കരുതെന്ന് സുപ്രീം കോടതിയോട് അപേക്ഷിച്ചു കൊണ്ടായിരുന്നു പെൺകുട്ടിയുടെ കത്ത്.