പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരി നിയമസഭ പ്രമേയം പാസാക്കി

Jaihind News Bureau
Thursday, February 13, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരി നിയമസഭ പ്രമേയം പാസാക്കി. ഗവര്‍ണര്‍ കിരണ്‍ബേദിയുടെ എതിര്‍പ്പ് മറികടന്നാണ് പ്രമേയം പാസാക്കിയത്. പൗരത്വ നിയമത്തിന് എതിരായി പ്രമേയം പാസാക്കുന്ന ആറാമത്തെ നിയമസഭയാണ് വി. നാരായൺ സ്വാമി സർക്കാരിന്‍റേത്.

കേരളം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസാക്കിയിരുന്നു.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടാണ് പോണ്ടിച്ചേരി നിയമസഭയിൽ പ്രത്യേക സഭ വിളിച്ചു ചേർത്ത് പ്രമേയം പാസാക്കിയതെന്നു മുഖ്യമന്ത്രി വി.നാരായണ സ്വാമി പറഞ്ഞു. എഐഎഡിഎംകെയുടേയും ഓള്‍ ഇന്ത്യ എന്‍.ആര്‍ കോണ്‍ഗ്രസിന്‍റേയും എം.എല്‍.എമാര്‍ സഭാ നടപടി ബഹിഷ്‌ക്കരിക്കുകയും നിയമസഭയില്‍ വരാതെയും ഇരുന്ന സാഹചര്യത്തിലാണ് പ്രമേയം പാസാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ നേരത്തെ പോണ്ടിച്ചേരി സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ എതിർപ്പുമായി ലെഫ്‌റ്റനന്‍റ് ഗവർണർ കിരണബേദി രംഗത്ത് എത്തിയതോടെ പ്രമേയം പാസാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ വൈകുകയായിരുന്നു.