കേന്ദ്ര സർക്കാരിന്‍റെ ഭരണഘടനാഹത്യക്കെതിരെ അംബേദ്കർ പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം

Jaihind News Bureau
Tuesday, November 26, 2019

പാർലമെന്‍റി‍ലെ അംബേദ്കർ പ്രതിമയ്ക്ക് മുൻപിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. ഭരണഘടനയെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെയായിരുന്നു കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗ് തുടങ്ങിയവർ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഭരണഘടനാ ദിനത്തിന്‍റെ 70-ാം വാർഷിക ദിനത്തിലായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. കോൺഗ്രസ് നേതൃത്വം നൽകിയ പ്രതിഷേധത്തിൽ 12 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു.

ഭരണഘടനയെ ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍ അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമെന്‍റ് സെട്രൽ ഹാളിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ബഹിഷ്കരിച്ചു കൊണ്ടായിരുന്നു കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച സോണിയാ ഗാന്ധി മഹാരാഷ്ട്രയിലെ കേന്ദ്ര സർക്കാർ നടപടി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും വിമർശിച്ചു.

കേന്ദ്ര സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികൾക്കെതിരെ വരും ദിവസങ്ങളിലും കോൺഗ്രസ് പ്രതിഷേധം പാർലമെന്‍റിൽ ശക്തമാകും.