വയനാട്ടിലെ മഴക്കെടുതി നേരിടാന്‍ എന്തു സഹായവും നല്‍കാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി; കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു

Jaihind News Bureau
Thursday, August 6, 2020

കല്‍പ്പറ്റ: വയനാട്ടില്‍ കനത്തമഴയെ തുടർന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് എന്തു സഹായവും നല്‍കാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി.  മണ്ഡലത്തിലെ  വിവിധ ഇടങ്ങളിൽ മഴ കനത്തതോടെ ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം ആരംഭിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ അടിയന്തര ഇടപെടൽ. മഴക്കെടുതി നേരിടാന്‍ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ നിലമ്പൂരിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും ദുരന്തമുണ്ടായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി സ്ഥലത്തെത്തി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇത്തവണ മലപ്പുറം, വയനാട് ജില്ലകളില്‍ മഴ കനക്കുന്നുവെന്നും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മലപ്പുറം ജില്ലാ കളക്ടറെ നേരില്‍ വിളിച്ചത്. മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞു. വയനാട് മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ സഹായവും അദ്ദേഹം നൽകിയിരുന്നു.