ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധി ഇന്ന് കേരളത്തില്‍

Jaihind Webdesk
Sunday, February 12, 2023


മലപ്പുറം: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാടെത്തുന്ന യാത്രാ നായകൻ രാഹുൽ ഗാന്ധിക്ക് ഗംഭീര സ്വീകരണമാണ് മലപ്പുറം- വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ ഒരുക്കിയിട്ടുള്ളത്‌. ഇന്ന് രാത്രി 8മണിക്കെത്തുന്ന രാഹുൽ ഗാന്ധിക്ക് കരിപ്പൂർ വിമാനത്താവളത്തിലും, നാളെ വയനാട് മീനങ്ങാടിയിലുമാണ് ഡിസിസികൾ സ്വീകരണമൊരുക്കിയിട്ടുള്ളത്.

136 ദിവസങ്ങൾ കൊണ്ട് 4080 കിലോമീറ്ററുകൾ സഞ്ചരിച്ച് ചരിത്രത്തിലിടംപിടിച്ച ഭാരത് ജോഡോ യാത്ര പൂർത്തിയാക്കി ആദ്യമായി കേരളത്തിലെത്തുന്ന രാഹുൽഗാന്ധിക്ക് ഗംഭീര സ്വീകരണമാണ് വിവിധ കോൺഗ്രസ് കമ്മിറ്റികൾ
ഒരുക്കിയിട്ടുള്ളത്. രാത്രി 8 ന് കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധിയെ മലപ്പുറം ഡിസിസി യുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്നും  തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്യും. കെപിസിസി  -പ്രസിഡൻറ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാവും സ്വീകരണമെന്ന് ഡിസിസി  പ്രസിഡൻറ് വിഎസ് ജോയ് അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ രാഹുൽഗാന്ധിയെ സ്വീകരിക്കാൻ കരിപ്പൂരിലെത്തും.
തുടർന്ന് വയനാട്ടിലേക്ക് പോകുന്ന അദ്ദേഹം നാളെ പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 ന്‌ കലക്ട്രേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിലും, 12 ന് നടക്കുന്ന ജില്ലാ അസ്പിരേഷന്‍ പ്രോഗ്രാമില്‍ അവലോകന യോഗത്തിലും, തുടർന്ന് നടക്കുന്ന ജില്ലാ ഇലക്ട്രിസിറ്റി അവലോകന യോഗത്തിലും രാഹുൽ ഗാന്ധി എം പി പങ്കെടുക്കും.

ഉച്ചക്ക് ശേഷം, പുതുശേരിയിൽ പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ച തോമസ് പള്ളിപ്പുറത്തിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി ആശ്വപ്പിക്കും. വൈകിട്ട് മൂന്നരക്ക് മീനങ്ങാടിയിലാണ് രാഹുൽഗാന്ധിക്ക് വയനാട് ഡിസിസിയുടെ സ്വീകരണ പരിപാടി ഒരുക്കിയിട്ടുള്ളത്.
മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്ര , സംസ്ഥാന, ജില്ലാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അറിയിച്ചു. ചടങ്ങിൽ വച്ച് നിർമ്മാണം പൂർത്തിയായ 25 വീടുകളുടെ താക്കോൽ ഉടമകൾക്ക് രാഹുൽഗാന്ധി കൈമാറും.