രാഷ്ട്രീയത്തിന്‍റെ പേരില്‍ പിണറായി സർക്കാർ വീട് നിഷേധിച്ചു, കോണ്‍ഗ്രസ് തണലൊരുക്കി; മുണ്ടിച്ചിയമ്മയ്ക്ക് സ്വപ്നവീടിന്‍റെ താക്കോല്‍ കൈമാറി രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, July 3, 2022

മലപ്പുറം: രാഷ്ട്രീയത്തിന്‍റെ പേരില്‍ പിണറായി സർക്കാർ ലൈഫ് പദ്ധതിയില്‍ വീട് നിഷേധിച്ച മുണ്ടിച്ചിയമ്മയ്ക്ക് സ്വപ്‌ന വീട് രാഹുല്‍ഗാന്ധി കൈമാറി. അർഹതയുണ്ടായിട്ടും കോൺഗ്രസുകാരി ആയതിനാൽ സംസ്ഥാന സർക്കാർ സഹായിച്ചില്ലെന്നും
അവരുടെ രാഷ്ട്രീയമാണ് വീട് നിഷേധിക്കാൻ കാരണമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അമരമ്പലത്ത് നടന്ന ചടങ്ങില്‍ മുണ്ടിച്ചിയമ്മയ്ക്ക് രാഹുല്‍ ഗാന്ധി വീടിന്‍റെ താക്കോൽ കൈമാറി. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുണ്ടിച്ചിക്ക് സർക്കാർ വീട് നൽകണമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അർഹതയുണ്ടായിട്ടും കോൺഗ്രസുകാരിയായതിനാൽ സർക്കാർ ഇവരെ സഹായിച്ചില്ല. ഇന്ദിരാഗാന്ധിയുടെ ആരാധികയാണ് മുണ്ടിച്ചിയമ്മയെന്നറിഞ്ഞു. അവരുടെ രാഷ്ട്രീയമാണ് വീട് നിഷേധിക്കാൻ കാരണമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സര്‍ക്കാരിന്‍റെ ഏതു മാനദണ്ഡംവെച്ച് അളന്നാലും നിലമ്പൂർ അമരമ്പലം പഞ്ചായത്തിലെ പുതിയകളം മയ്യന്താനി മുണ്ടിച്ചിക്ക് ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. പട്ടികജാതിക്കാരിയായ അറുപത്തിരണ്ടുകാരി മുണ്ടിച്ചി, വിധവയും രോഗിയുമാണ്. എന്നാല്‍ അര്‍ഹതയുടെ മാനദണ്ഡം നോക്കിയല്ല, മുണ്ടിച്ചിയുടെ രാഷ്ട്രീയം നോക്കിയാണ് അമരമ്പലം പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ നിന്ന് വീട് നിഷേധിച്ചത്. കോണ്‍ഗ്രസുകാരിയായ മുണ്ടിച്ചിയോട് പാര്‍ട്ടി മാറിയാല്‍ വീടുതരാമെന്ന മോഹനവാഗ്ദാനവും നല്‍കി. എന്നാല്‍ പാര്‍ട്ടിമാറിയുള്ള വീടുവേണ്ടെന്ന നിലപാടാണ് മുണ്ടിച്ചി സ്വീകരിച്ചത്.

ഭാഗികമായി തകര്‍ന്ന് ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന വീട്ടില്‍ തനിച്ചായിരുന്നു താമസം. രാഷ്ട്രീയത്തിന്‍റെ പേരില്‍ അര്‍ഹതപ്പെട്ട വീട് നിഷേധിച്ച ദുരിതം അമരമ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനെ അറിയിച്ചത്. കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ കൂടിയായ ആര്യാടൻ ഷൗക്കത്തിന്‍റെ ഇടപെടലില്‍ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാര്‍ മുണ്ടിച്ചിക്ക് വീടൊരുക്കാന്‍ തയാറായി. അമരമ്പലം മണ്ഡലം പ്രസിഡന്‍റ് കേമ്പില്‍ രവിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതോടെ രണ്ടു മാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. രാഹുല്‍ ഗാന്ധിയുടെ കൈയ്യില്‍ നിന്നും വീടിന്‍റെ താക്കോല്‍ ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുണ്ടിച്ചിയമ്മ പറഞ്ഞു.

 

https://www.facebook.com/JaihindNewsChannel/videos/340668668238557/