'ജീവാനന്ദം' ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം; 'നിര്‍ബന്ധ നിക്ഷേപ പദ്ധതി' അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
June 01, 2024
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിക്ഷേപമെന്ന രീതിയില്‍ മാസംതോറും പിടിച്ചുവെക്കാനുള്ള 'ജീവാനന്ദം' പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൂടിയാലോചനകളൊന്നും നടത്താതെയാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നതെന്നും ഇതിന്‍റെ ഉദ്ദേശ്യം അവ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്‍റെ ഒരു ഭാഗം പിടിച്ചുവെക്കാന്‍ പദ്ധതി തയാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
മാസശമ്പളം കൊണ്ട് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. വായ്പാ ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം. ചികിത്സാ ചെലവുകള്‍ തുടങ്ങി നിരവധി ബാധ്യതകളുണ്ടാകും. നിക്ഷേപമായി ചെറിയ തുക നല്‍കാന്‍ കഴിയാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തില്‍ 'നിര്‍ബന്ധ നിക്ഷേപ പദ്ധതി' ജീവനക്കാര്‍ക്ക് ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു പ്രയോജനവും ഇല്ലാത്ത 'മെഡിസെപ്' ചികിത്സാ പദ്ധതിക്കായി പ്രതിമാസം 500 രൂപ ജീവനക്കാരില്‍ നിന്നും ഈടാക്കുന്നുണ്ട്. ശമ്പളത്തില്‍ നിന്നുള്ള 10 ശതമാനം വിഹിതം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരും നല്‍കണം. ഇതിന് പുറമെ ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയും ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
ശമ്പളം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണ്. നിക്ഷേപം നടത്താന്‍ ജീവനക്കാരെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഒരു പദ്ധതി അടിച്ചേല്‍പ്പിക്കുന്നതും ബലം പ്രയോഗിച്ച് പണം പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാകില്ല. താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഭാഗമാകാമെന്ന് പറയാന്‍ മാത്രമേ സര്‍ക്കാരിന് കഴിയൂ. ശമ്പളം പിടിച്ചുവെക്കുന്നത്, കൊടുക്കാതിരിക്കുന്നതിന് തുല്യവും നിയമ വിരുദ്ധവുമാണ്. ജീവനക്കാര്‍ ജോലി ചെയ്യുന്നതിന് നല്‍കുന്ന ശമ്പളം കട്ടെടുക്കുന്നതിന് തുല്യമായ സമീപനമാണ് സര്‍ക്കാരിന്‍റേതെന്നും ഇത് അനുവദിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10