ന്യൂഡൽഹി: ചാറ്റിങ്ങിനും ഡിജിറ്റൽ പേയ്‌മെന്റിനും പുറമെ വിവിധ ഗാർഹിക ബില്ലുകൾ അടയ്ക്കുന്നതിനുള്ള പുതിയ സൗകര്യവുമായി വാട്‌സ്ആപ്പ്. ‘ബിൽ പേയ്‌മെന്റ്സ്’ എന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഭാരത് കണക്ട് ബിൽ പേയ്‌മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെയാണ് പുതിയ സേവനം പ്രവർത്തിക്കുക.
വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ബില്ലുകൾ ഇനി വാട്‌സ്ആപ്പിലൂടെ നേരിട്ട് അടയ്ക്കാൻ കഴിയും. 30 വിഭാഗങ്ങളിലായി 22,722 ബില്ലർമാരുടെ സേവനം പുതിയ സംവിധാനത്തിലൂടെ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
സേവനം ഇന്ത്യയിൽ ഘട്ടംഘട്ടമായാണ് ലഭ്യമാക്കുന്നത്. വരും ആഴ്ചകളിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വാട്‌സ്ആപ്പിലെ പേയ്‌മെന്റ് സംവിധാനത്തോടൊപ്പം ബിൽ അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് വിവിധ ബിൽ പേയ്‌മെന്റുകൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ നടത്താനാകും.