യുഡിഎഫിന് നൂറുസീറ്റ് കിട്ടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന തന്റെ പഴയ പ്രഖ്യാപനത്തിൽ നിന്ന് മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ, 'അങ്ങനെ പലരും പലതും പറഞ്ഞുകാണും' എന്ന ഒഴുക്കൻ മറുപടി നൽകി അദ്ദേഹം ഒഴിയുകയായിരുന്നു. 2025 ജൂലായിൽ പറവൂരിൽ നടന്ന ചടങ്ങിലായിരുന്നു വി.ഡി. സതീശനെ വെല്ലുവിളിച്ചുകൊണ്ട് വെള്ളാപ്പള്ളി ഈ വിവാദ പരാമർശം നടത്തിയത്.
യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും നൂറ് സീറ്റ് കിട്ടിയാൽ താൻ സ്ഥാനം രാജിവെക്കുമെന്നുമായിരുന്നു അന്നത്തെ വെല്ലുവിളി. വി.ഡി. സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് ഈ അഹങ്കാരം കാണിക്കുന്നതെന്നും വെള്ളാപ്പള്ളി അന്ന് വിമർശിച്ചിരുന്നു. 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാജിവെച്ച് വനവാസത്തിന് പോകുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തിയിരുന്നു. രാഷ്ട്രീയത്തിൽ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവർക്ക് തോറ്റ ചരിത്രമുണ്ടെന്നും സതീശനെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം അന്ന് പരിഹസിച്ചു.
എന്നാൽ വെള്ളാപ്പള്ളിയുടെ വെല്ലുവിളി അന്നേ വി.ഡി. സതീശൻ ഏറ്റെടുത്തിരുന്നു. യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനായില്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്നായിരുന്നു സതീശന്റെ മറുപടി. യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന കാര്യത്തിൽ വെള്ളാപ്പള്ളിക്ക് പോലും സംശയമില്ലല്ലോ എന്നും, നൂറിലധികം സീറ്റുകൾ നേടാൻ തങ്ങൾ കഠിനാധ്വാനം ചെയ്യുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പഴയ വാക്കുകൾ വിഴുങ്ങുന്ന വെള്ളാപ്പള്ളിയുടെ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്.