തളിപ്പറമ്പിലെ അട്ടിമറി വിജയത്തിന് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നിയുക്ത എംഎല്‍എ ടി.കെ. ഗോവിന്ദന്‍. കണ്ണൂര്‍ ഡിസിസി ഓഫീസും പരേതനായ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീടും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സിപിഎമ്മിലെ കുടുംബവാഴ്ചയ്ക്കും ജനാധിപത്യവിരുദ്ധ നടപടികള്‍ക്കും വോട്ടര്‍മാര്‍ നല്‍കിയ കനത്ത തിരിച്ചടിയാണ് തളിപ്പറമ്പിലെ ജനവിധിയെന്ന് ടി.കെ. ഗോവിന്ദന്‍ പറഞ്ഞു. സിപിഎം നടത്തുന്ന തെറ്റുതിരുത്തല്‍ പ്രക്രിയ വെറും 'അധരവ്യായാമം' മാത്രമാണ്. സ്വന്തം അനുഭവം വെച്ച് പറയുകയാണെങ്കില്‍ സിപിഎം ഒരിക്കലും തിരുത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പ് തിരിച്ചടി യഥാര്‍ത്ഥത്തില്‍ നേരിട്ടത് സിപിഎം സംസ്ഥാന സെക്രട്ടറിക്കാണെന്നും ജനങ്ങള്‍ പാര്‍ട്ടിയെ പാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ഡിസിസി ഓഫീസിലെത്തിയ ടി.കെ. ഗോവിന്ദനെ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. നേതാക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് വിജയം ആഘോഷിച്ച അദ്ദേഹം രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ കെ.പി. രമണിക്കൊപ്പമെത്തിയ ഗോവിന്ദന്‍ കോടിയേരിയുടെ ശില്പത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും അവിടെയുള്ള മ്യൂസിയം സന്ദര്‍ശിക്കുകയും ചെയ്തു.
'സിപിഎമ്മിന്റേത് അധരവ്യായാമം, അവര്‍ തിരുത്തില്ല'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദന്