മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും ചിരിയും ഇമ്പമാർന്ന ഗാനങ്ങളും സമ്മാനിച്ച എവർഗ്രീൻ ക്ലാസിക് ചിത്രം 'തേന്മാവിൻ കൊമ്പത്ത്' 4K ദൃശ്യവിസ്മയത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. പ്രിയദർശന്റെ മികച്ച സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഒക്ടോബർ ഒന്നിനാണ് ആധുനിക സാങ്കേതിക തികവോടെ പുനഃപ്രദർശനത്തിനെത്തുന്നത്. മാറ്റിനി നൗ (Matinee Now) ആണ് ഈ ചിത്രം 4K റീ-മാസ്റ്റർ പതിപ്പിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
എത്ര കണ്ടാലും സ്ലൈഡ് മാറാതെയുള്ള കോമഡികളും മാജിക്കൽ പ്രണയവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ അഭിനയ മുഹൂർത്തങ്ങളും മോഹൻലാൽ-ശോഭന ജോഡിയുടെ മനോഹരമായ ഓൺസ്ക്രീൻ പ്രണയവും പ്രേക്ഷകർക്ക് ഇന്നും കൗതുകമാണ്. കുതിരവട്ടം പപ്പുവിന്റെ വിഖ്യാതമായ "ടാസ്കി വിളി..." ഉൾപ്പെടെയുള്ള ഡയലോഗുകൾ ഇന്നും മലയാളികളുടെ നിത്യജീവിതത്തിലെ തമാശകളുടെ ഭാഗമാണ്.
പ്രസിദ്ധി ക്രിയേഷൻസ്, സൂര്യാസിനി ആർട്ട്സ് എന്നിവയുടെ ബാനറിൽ എൻ. ഗോപാലകൃഷ്ണനും മുകേഷ് ആർ. മേത്തയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശങ്കരാടി, ശരത് സക്‌സേന, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, ഗീതാ വിജയൻ, നന്ദു, കെ.ആർ. വത്സല, ഖദീജ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ബേണി-ഇഗ്നേഷ്യസ് ഈണം പകർന്ന് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത് എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത എന്നിവരാണ്.
സാങ്കേതിക മികവിനും പേരുകേട്ട ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് അന്തരിച്ച പ്രശസ്ത ക്യാമറാമാൻ കെ.വി. ആനന്ദാണ്. എഡിറ്റിംഗ് എൻ. ഗോപാലകൃഷ്ണനും കലാസംവിധാനം സാബു സിറിളും നിർവ്വഹിച്ചു. എൻ. സച്ചിദാനന്ദനായിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. വാർത്താ പ്രചാരണം: വാഴൂർ ജോസ്.