കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ വ്യക്തമായ ഇടപെടൽ നടത്തുന്നതിനായി കേന്ദ്രസർക്കാർ ഐ.ടി. നിയമപ്രകാരമുള്ള ആവശ്യമായ ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
12 മുതൽ 15 വയസുവരെയുള്ള കൊച്ചുകുട്ടികൾക്ക് പോലും തടസ്സങ്ങളില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലഭ്യമാകുന്നത് ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ദുരുപയോഗം തടയാൻ കർശന നിയമങ്ങൾ വേണമെന്നാണ് നിരീക്ഷണം.
കുട്ടികൾക്ക് അക്കൗണ്ടുകൾ നൽകുന്നതിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നത് അടക്കമുള്ള വിവിധ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കൂടാതെ ഇതിനായി ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമത്തിലെ വ്യവസ്ഥകൾ സമഗ്രമായി പരിശോധിച്ചു വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി. കേസ് അടുത്ത മാസം 13-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.