സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്റ്റീവ് ആൻഡ് പോളി'. സെപ്റ്റംബർ 28 തിങ്കളാഴ്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. നിർമ്മാതാക്കളായ എൻ.എം. ബാദ്ഷ, മുസ്സമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ആദ്യ ക്ലാപ്പ് നൽകിയതോടെ ചിത്രത്തിന് ഔദ്യോഗികമായി തുടക്കമായി. എപ്പിക് ഫിലിംസ് & എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എൻ.എ. മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ നരേഷ് കുമാർ ജി, നസീർ അഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിജു നടേരിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ കോമഡിയും ആക്ഷനും സമമായി കോർത്തിണക്കിയാണ് വിപിൻ ആറ്റ്ലി ഈ ചിത്രം ഒരുക്കുന്നത്. ആംഗ്ലോ ഇന്ത്യൻ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളുമെല്ലാം പ്രമേയമാകുന്ന ഒരു ക്ലീൻ എന്റർടൈനറായിരിക്കും ഇത്. സാജിദ് യാഹിയയും പുതുമുഖം സിദ്ധാർത്ഥ് സത്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ 'സ്റ്റീവ്', 'പോളി' എന്നിവരെ അവതരിപ്പിക്കുന്നത്.
ഡ്രാക്കുള സുധീർ, ജൂഡ് ആന്റണി ജോസഫ്, മോസപ്പൻ, നിയാ ലൂക്ക്, മുൻസില, ശ്രയാ രാജീവ്, ജേക്കബ് ജോർജ് ജയിംസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ചിത്രത്തിന് സംഗീതം നൽകുന്നത് മുഹമ്മദ് സത്താർജിയാണ്. ജോസഫ് സാനിയേൽ (നവാസ് ലെൻസ് മാൻ) ഛായാഗ്രഹണവും എ.ആർ. ജിബീഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം: കോയാസ്, മേക്കപ്പ്: മനോജ് അങ്കമാലി, കോസ്റ്റ്യൂം ഡിസൈൻ: അക്ഷയ അഖിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി., അസോസിയേറ്റ് ഡയറക്ടർ: രാജി ആർ. മേനോൻ, വി.എഫ്.എക്സ്: വിഷ്ണു മൂവി വെഞ്ചർ.
ഒക്ടോബർ ആദ്യവാരത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ പോണ്ടിച്ചേരി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളാണ്. പി.ആർ.ഒ: വാഴൂർ ജോസ്.