'പരിഷ്കരണം' വീണ്ടും; 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തി
Jaihind TV News Report
Jaihind TV Web Desk
January 03, 2019
1 min read
•
Updated: June 05, 2026
2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തിവെച്ചു. രണ്ടായിരത്തിന്‍റെ നോട്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം 200 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനമായതായും സൂചനയുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. കള്ളപ്പണം തടയാനായാണ് നോട്ട് നിരോധനം എന്നായിരുന്നു മോദി സര്‍ക്കാര്‍ അന്ന് തട്ടിമൂളിച്ചത്. എന്നാല്‍ ഇന്ന് അതേ 2000 നോട്ടുകളുടെ അച്ചടി നിര്‍ത്തുമ്പോഴും മോദി സര്‍ക്കാരിന് പറയാനുള്ളത് കള്ളപ്പണം എന്ന കാരണം തന്നെയാണെന്നതാണ് ഇതിലെ രസകരമായ വൈരുദ്ധ്യം. 2016 നവംബറിലായിരുന്നു മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയത്.
മാര്‍ച്ച് 2018ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 18.03 ലക്ഷം കോടി രൂപയാണ് വിനിമയത്തില്‍ ഉള്ളത്. ഇതില്‍ 6.73 ലക്ഷം കോടി രൂപ 2000 നോട്ടിലാണ് വിനിമയം ചെയ്യപ്പെടുന്നത്. ഇത് മൊത്തം വിനിമയം ചെയ്യുന്ന പണത്തിന്‍റെ 37 ശതമാനം വരും. 7.73 ലക്ഷം കോടി രൂപ 500 രൂപ നോട്ടിലാണ് വിനിമയം ചെയ്യപ്പെടുന്നത്. ഇത് ആകെയുള്ള രൂപയുടെ വിനിമയമൂല്യത്തിന്‍റെ 43 ശതമാനം വരും.
നോട്ട് നിരോധനത്തിന്‍റെ യഥാര്‍ഥ ഉദ്ദേശം എന്തായിരുന്നു എന്നതിന് മോദി സര്‍ക്കാരിന് ഇപ്പോഴും ഉത്തരമില്ല. രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കാനും നിരവധി പേരുടെ ജീവന്‍ നഷ്ടമാകാനും മാത്രമായിരുന്നു നോട്ട് നിരോധനം കൊണ്ട് മോദി സര്‍ക്കാരിന് കഴിഞ്ഞത്. മോദിയുടെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ നോട്ട് നിരോധനം നേരത്തെ അറിഞ്ഞിരുന്നു എന്ന വലിയ ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നു. നോട്ട് നിരോധനത്തിലെന്നതുപോലെ തന്നെ ഇപ്പോള്‍ 2000 നോട്ടുകളുടെ അച്ചടി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതും ദുരൂഹതയുണര്‍ത്തുന്നതാണ്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10