ട്രെയിനിലെ മദ്യപാനം ഇനി ‘വിലപോകില്ല’; റെയിൽവേ പോലീസിന്റെ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം
കൊച്ചി: ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കം ചെയ്യാനും കേസെടുക്കാനും റെയിൽവേ പോലീസിന് അധികാരം നൽകുന്ന റെയിൽവേ നിയമത്തിലെ 145(എ) വകുപ്പിന്റെ ഭരണഘടനാ സാധുത കേരള ഹൈക്കോടതി ശരിവെച്ചു. യാത്രക്കാരുടെ സുരക്ഷയും പൊതുസമാധാനവും ഉറപ്പാക്കാൻ ഇത്തരം നിയമം അനിവാര്യമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
റെയിൽവേ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്നത് ഒഴിവാക്കുന്നതിനായി റെയിൽവേ മന്ത്രാലയം വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ട്രാവൽ കമ്പനി മാനേജിങ് ഡയറക്ടറും കൊച്ചി സ്വദേശിയുമായ കെ.എൻ. ശാസ്ത്രിയാണ് റെയിൽവേ നിയമത്തിലെ 145(എ) വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ‘മദ്യപിച്ച അവസ്ഥ’ എന്നത് നിയമത്തിൽ കൃത്യമായി നിർവചിച്ചിട്ടില്ലെന്നും ഇത് റെയിൽവേയ്ക്ക് യാത്രക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാനും യാത്ര തടയാനും അനിയന്ത്രിതമായ അധികാരം നൽകുന്നുവെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.
യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയിനുകളിലെ ക്രമസമാധാനത്തിനുമാണ് മുൻഗണനയെന്ന് റെയിൽവേ കോടതിയെ അറിയിച്ചു. ട്രെയിനിൽനിന്ന് വീണുണ്ടാകുന്ന അപകടങ്ങളിൽ വലിയൊരു പങ്കും മദ്യലഹരിയുമായി ബന്ധപ്പെട്ടതാണെന്നും മദ്യപിച്ചെത്തുന്നവർ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും റെയിൽവേ വ്യക്തമാക്കി.
മദ്യപാനം സംശയിക്കുന്നവരെ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുകയും തുടർന്ന് ആവശ്യമായ സാഹചര്യത്തിൽ മെഡിക്കൽ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് നടപടി സ്വീകരിക്കുന്നതെന്നും റെയിൽവേ കോടതിയെ അറിയിച്ചു.
അതേസമയം, മദ്യപിച്ച ഒരാളെ ട്രെയിനിൽനിന്നോ റെയിൽവേ സ്റ്റേഷനിൽനിന്നോ നീക്കം ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും രക്തപരിശോധന നടത്തണമെന്ന വ്യവസ്ഥ ഏർപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മാത്രം ഒരു നിയമവ്യവസ്ഥയെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇതോടെ ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവർക്കെതിരെ റെയിൽവേ പോലീസിന് നിലവിലുള്ള നിയമപരമായ നടപടി തുടരാനാകും.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.