ലിസ്ബണ്‍: പറന്നുയര്‍ന്ന വിമാനത്തിന്റെ ക്യാപ്റ്റന് ആകാശമധ്യേ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് 30,000 അടി ഉയരത്തില്‍ നിന്നും വിമാനം താഴേക്ക് കൂപ്പുകുത്തി. 220 യാത്രക്കാരുടെ ജീവന്‍ അപകടത്തിലായ നിമിഷത്തില്‍, ഫസ്റ്റ് ഓഫീസറുടെ കൃത്യമായ ഇടപെടലിലൂടെ വിമാനം പോര്‍ച്ചുഗലില്‍ അടിയന്തരമായി നിലത്തിറക്കി വന്‍ ദുരന്തം ഒഴിവാക്കി. സ്‌പെയിനിലെ ടെനറൈഫില്‍ നിന്ന് ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമിലേക്ക് പുറപ്പെട്ട 'ജെറ്റ് 2' (LS 1266) വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2:15 ഓടെയായിരുന്നു സംഭവം. വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഫസ്റ്റ് ഓഫീസര്‍, ക്യാപ്റ്റന് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് തിരിച്ചറിയുകയായിരുന്നു. സാഹചര്യം അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തര സഹായത്തിനായുള്ള 'മെയ്‌ഡേ'സന്ദേശം അയക്കുകയും ചെയ്തു. തൊട്ടടുത്തുള്ള വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടാന്‍ അനുമതി തേടിയതിനെ തുടര്‍ന്ന് പോര്‍ച്ചുഗലിലെ പോര്‍ട്ടോ എയര്‍പോര്‍ട്ടില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു.
വിമാനം റണ്‍വേയില്‍ തൊട്ടയുടന്‍ തന്നെ സജ്ജമായിരുന്ന മെഡിക്കല്‍ സംഘം ക്യാപ്റ്റന് പ്രാഥമിക ചികിത്സ നല്‍കുകയും വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 220 യാത്രക്കാരും പൂര്‍ണ്ണ സുരക്ഷിതരാണ്.
പറക്കുന്നതിനിടെ പൈലറ്റിന് ഹൃദയാഘാതം; വിമാനം പെട്ടെന്ന് താഴേക്ക്, പോര്‍ച്ചുഗലില്‍ സുരക്ഷിത ലാന്‍ഡിംഗ്