ക്യുപെർട്ടിനോ: ആപ്പിളിലെ നിർണായക ചുമതലകളിൽ നിന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥനായ ഫിൽ ഷില്ലർ പടിയിറങ്ങുന്നു. ആപ്പ് സ്റ്റോറിന്റെയും ആപ്പിളിന്റെ പ്രധാന പ്രൊഡക്ട് ലോഞ്ച് ഇവന്റുകളുടെയും നേതൃത്വ ചുമതലകളാണ് ഷില്ലർ ഒഴിയുന്നത്. എന്നാൽ അദ്ദേഹം ആപ്പിൾ വിടില്ല. മറ്റ് ചുമതലകളുമായി കമ്പനിയിൽ തുടരാനാണ് തീരുമാനം.
ടിം കുക്ക് സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് ആപ്പിളിലെ മറ്റൊരു പ്രമുഖ മുഖമായ ഷില്ലറിന്റെ ചുമതലമാറ്റവും ശ്രദ്ധ നേടുന്നത്. ഏകദേശം മൂന്ന് പതിറ്റാണ്ടായി രണ്ട് ഘട്ടങ്ങളിലായി ആപ്പിളിന്റെ ഭാഗമാണ് ഷില്ലർ. 1987 മുതൽ 1993 വരെയും പിന്നീട് 1997 മുതൽ ഇന്നുവരെയും അദ്ദേഹം കമ്പനിയിൽ പ്രവർത്തിച്ചു.
സ്റ്റീവ് ജോബ്സിനൊപ്പം അടുത്ത് പ്രവർത്തിച്ചിരുന്ന ഷില്ലർ ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന എക്സിക്യൂട്ടീവുകളിൽ ഒരാളാണ്. ഐഫോൺ, ഐപാഡ്, ഐപോഡ്, വിവിധ മാക് മോഡലുകൾ തുടങ്ങിയ കമ്പനിയുടെ നിർണായക ഉൽപന്നങ്ങളുടെ വികസനത്തിലും അവ ആഗോള വിപണിയിലെത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
സ്റ്റീവ് ജോബ്സിനൊപ്പം ആപ്പിൾ ആപ്പ് സ്റ്റോർ ആരംഭിക്കുന്നതിലും ഷില്ലർ നിർണായക പങ്കുവഹിച്ചു. പിന്നീട് ആപ്പ് സ്റ്റോറുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളും നിയമനടപടികളും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഫോർട്ട്നൈറ്റ് നിർമാതാക്കളായ എപ്പിക് ഗെയിംസുമായി ആപ്പിൾ നടത്തിയ ദീർഘകാല നിയമപോരാട്ടവും ഇതിന്റെ പ്രധാന ഉദാഹരണമാണ്.
ഷില്ലർ ഒഴിയുന്നതോടെ ആപ്പ് സ്റ്റോറിന്റെ ചുമതല എഡ്ഡി ക്യൂ നേതൃത്വം നൽകുന്ന സർവീസസ് വിഭാഗത്തിലേക്ക് മാറും. 2015-ൽ ഷില്ലർ ആപ്പ് സ്റ്റോറിന്റെ മേൽനോട്ടം ഏറ്റെടുക്കുന്നതിന് മുമ്പ് ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതും എഡ്ഡി ക്യൂ തന്നെയായിരുന്നു.
ആപ്പ് സ്റ്റോറിന് പുറമേ, പുതിയ ഉൽപന്നങ്ങളുടെ ലോഞ്ച് ഇവന്റുകൾ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ആഗോള പരിപാടികളുടെ മേൽനോട്ടവും ഷില്ലറിനായിരുന്നു. 2023 മുതൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന നോള വെയിൻസ്റ്റീനാണ് ഇനി ഇവന്റ്സ് ടീമിന്റെ ചുമതല ഏറ്റെടുക്കുക.
ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ അടുത്ത പ്രധാന പരിപാടി സെപ്റ്റംബർ 9ന് നടക്കാനിരിക്കെയാണ് ഈ നേതൃത്വമാറ്റം. പുതിയ മേധാവിയായി ജോൺ ടെർനസ് ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രധാന അവതരണ പരിപാടി കൂടിയായിരിക്കും ഇത്.
2020-ൽ ആപ്പിളിന്റെ ഗ്ലോബൽ മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ഷില്ലർ പിന്നീട് ‘ആപ്പിൾ ഫെലോ’ എന്ന പദവിയിലേക്ക് മാറിയിരുന്നു. എന്നിരുന്നാലും ആപ്പ് സ്റ്റോറിന്റെയും ആപ്പിൾ ഇവന്റ്സിന്റെയും പ്രധാന ചുമതലകൾ അദ്ദേഹം തുടർന്നും വഹിച്ചിരുന്നു.
ഈ രണ്ട് നിർണായക ചുമതലകളിൽനിന്നുള്ള പിന്മാറ്റം ഷില്ലർ വിരമിക്കലിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. നിലവിൽ ‘ആപ്പിൾ ഫെലോ’ എന്ന പദവിയിൽ അദ്ദേഹം കമ്പനിയിൽ തുടരും.