അഷ്ടമുടിക്കായൽ ഇനി മാലിന്യമുക്തം;സംസ്ഥാനത്തെ മികച്ച ടൂറിസം ഹബ്ബാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
കൊല്ലം ജില്ലയെ സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം ഹബ്ബാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ഇതിന്റെ ഭാഗമായി കായൽ ടൂറിസത്തിന്റെ കേന്ദ്രമായ അഷ്ടമുടിക്കായലിനെ മാലിന്യങ്ങളിൽ നിന്ന് പൂർണ്ണമായി മോചിപ്പിച്ച് വൃത്തിയുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഷ്ടമുടിക്കായൽ മാലിന്യമുക്തമാക്കി വിനോദസഞ്ചാരത്തിന്റെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കായലും അതിന്റെ പരിസരപ്രദേശങ്ങളും നേരിട്ട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള ഡി.ടി.പി.സി. ബോട്ട് ജെട്ടിയിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ വിനോദസഞ്ചാരത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായി, ഇവിടെ കുന്നുകൂടുന്ന മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുന്നതിനായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കായലിന്റെ സ്വാഭാവിക ഭംഗി നിലനിർത്തിക്കൊണ്ടുതന്നെ സഞ്ചാരികളെ ആകർഷിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ഏറെ വിനോദസഞ്ചാര പ്രാധാന്യമുള്ള കൊല്ലം-ആലപ്പുഴ ജലപാതയെ വീണ്ടും സജീവമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ഡി.ടി.പി.സി. ബോട്ട് ജെട്ടിയിൽ ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങൾക്ക് സുഗമമായി വന്നുപോകാൻ കഴിയുന്ന രീതിയിൽ ആഴം കൂട്ടുന്നതിനായി ഡ്രെഡ്ജിംഗ് നടത്തുമെന്നും മന്ത്രി അറിയിച്ചു. ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൊല്ലത്തെ കായൽ ടൂറിസം മേഖലയ്ക്ക് പുതിയൊരു ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.