പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ ശക്തമാക്കി. റാന്നി, കോന്നി, ആറന്മുള തുടങ്ങിയ മേഖലകളിൽ മഴക്കെടുതിയിൽ ഒറ്റപ്പെട്ട നിലയിലായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
റാന്നി വലിയ പാലത്തിന് സമീപം വെള്ളം കയറി ഗതാഗതം തടസപ്പെട്ട മാമൂട് ജംഗ്ഷനിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ കണ്ടെത്തി അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മന്ത്രി നിർദേശം നൽകി. ദുരിതബാധിതരെ ക്യാമ്പുകൾ ഉൾപ്പെടെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
റാന്നിയിൽ കയറിയ വെള്ളം മണിക്കൂറുകൾക്കകം പമ്പാനദിയിലൂടെ ആറന്മുള മേഖലയിലേക്കും തുടർന്ന് അപ്പർ കുട്ടനാട് പ്രദേശങ്ങളിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആറന്മുളയിൽ ആവശ്യമായ ബോട്ടുകളും മറ്റ് രക്ഷാപ്രവർത്തന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് മറ്റ് ജില്ലകളിൽ നിന്നുള്ള കൂടുതൽ രക്ഷാ സംവിധാനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. മഴക്കെടുതിയുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി മന്ത്രി പി.സി. വിഷ്ണുനാഥ് റാന്നി താലൂക്ക് ഓഫീസിൽ അവലോകന യോഗവും വിളിച്ചുചേർത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ അപകട സാധ്യതയുള്ള മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പത്തനംതിട്ടയിൽ മഴക്കെടുതി രൂക്ഷം; ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ; പി സി വിഷ്ണുനാഥ്