കൊച്ചി: പെരുമ്പാവൂരിലെ മയക്കുമരുന്ന് മാഫിയക്കെതിരെയും ലഹരി ശൃംഖലകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച കേരള സര്‍ക്കാരിനും കേരള പൊലീസിനും അഭിനന്ദനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പൊലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പരമ്പര സമൂഹത്തിന് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പെരുമ്പാവൂരില്‍ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 'പെരുമ്പാവൂര്‍ സ്റ്റോറീസ്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ കേരള പൊലീസിനെ ടാഗ് ചെയ്താണ് താരം ഷെയര്‍ ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പൊലീസ് അതിവേഗത്തില്‍ ഇടപെടുകയും പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ലഹരി കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമപാലകര്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് യുവതലമുറയുടെ ഭാവിക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ഉണ്ണി മുകുന്ദന്‍ ചൂണ്ടിക്കാട്ടി. ആദ്യഘട്ട നടപടികളില്‍ മാത്രം ഒതുങ്ങാതെ, ലഹരി ശൃംഖലകളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ പരിശോധനകളും അറസ്റ്റുകളും നടത്തുന്ന പൊലീസിന്റെ രീതി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങളുടെയും പൗരന്മാരുടെയും പരാതികള്‍ക്ക് പൊലീസും സര്‍ക്കാരും നല്‍കുന്ന പ്രാധാന്യം ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കും. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കിയ താരം, ഈ വിഷയം ആദ്യമായി ക്യാമറയില്‍ പകര്‍ത്തി പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന യുവാക്കളുടെ ഇടപെടലിനെയും പ്രത്യേകം അഭിനന്ദിച്ചു. വ്യക്തിപരമായ സുരക്ഷിതത്വം പോലും നോക്കാതെ ലഹരി മാഫിയയെ തുറന്നുകാട്ടിയ യുവാക്കള്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
പെരുമ്പാവൂരിലെ ലഹരി മാഫിയക്കെതിരെ നടപടി; 'ഓപ്പറേഷന്‍ തൂഫാന്‍' പരിശോധനകളില്‍ സര്‍ക്കാരിനും പൊലീസിനും ഉണ്ണി മുകുന്ദന്റെ അഭിനന്ദനം