Logo
Sun, Jun 07, 2026 • 11:41 PM
LIVE TV
Watch

No business videos available

No Middle East videos available

എം.പി വീരേന്ദ്രകുമാർ എം.പി അന്തരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 29, 2020
1 min read Updated: June 06, 2026
SHARE:
SAVE: Login to save

എം.പി വീരേന്ദ്രകുമാർ എം.പി അന്തരിച്ചു
എം.പി വീരേന്ദ്രകുമാർ എം.പി അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം വയനാട് കൽപ്പറ്റയിലെ വീട്ടില്‍ നടക്കും. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് എം.പി വീരേന്ദ്രകുമാർ. ലോക് താന്ത്രിക്ജനതാദൾ രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം എഴുത്തുകാരൻ, കേന്ദ്രമന്ത്രി, പത്രാധിപർ സോഷ്യലിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്. മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയും മാതൃഭൂമി പത്രത്തിന്‍റെ എം.ഡിയുമാണ്. ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച ഭൗതികദേഹം  രാവിലെ 11 മണിക്ക് വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് അഞ്ചിന് കല്‍പ്പറ്റയിലെ വീട്ടില്‍ നടക്കും. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ പത്മപ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22ന് വയനാട്ടിലെ കല്‍പ്പറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി ശ്രേയാംസ്‌കുമാര്‍. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി.ടി.ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പർ, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍ (യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-09 കാലയളവില്‍ പാര്‍ലമെന്‍റ് അംഗമായും സേവനമനുഷ്ഠിച്ചു. 1987 ല്‍ കേരള നിയമസഭാംഗവും വനം വകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. സാഹിത്യരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ എം.പി വീരേന്ദ്രകുമാറിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ.വി ഡാനിയല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍ : ഹൈമവതഭൂവില്‍, ബുദ്ധന്‍റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്‍റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, സമന്വയത്തിന്‍റെ വസന്തം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, രോഷത്തിന്‍റെ വിത്തുകള്‍, അധിനിവേശത്തിന്‍റെ അടിയൊഴുക്കുകള്‍, സ്മൃതിചിത്രങ്ങള്‍, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ് സാക്ഷി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10