കൊച്ചി: എറണാകുളത്തെ കടവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട കേസിലെ പ്രതി എബിന് പോളിന് രാജ്യന്തര ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു. ടെലഗ്രാമിലെ ബിഷ്ണോയ് അനുകൂല ഗ്രൂപ്പുകളില്‍ എബിന് സജീവമായി ഇടപെട്ടിരുന്നതായും ലോറന്‍സ് ബിഷ്ണോയിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നതായും കണ്ടെത്തലുകളുണ്ട്. ടെലഗ്രാം ഗ്രൂപ്പിലെ 'ബോസ്' എന്ന അക്കൗണ്ട് ഐഡിയില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരമാണ് അക്രമം നടത്തിയത് എന്നാണ് എബിന് പൊലീസിന് നല്കിയ മൊഴി. ഈ 'ബോസ്' ആരാണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും ക്വട്ടേഷന്‍-തീവ്രവാദ ശൃംഖലകളുടെ പങ്കുണ്ടോയെന്ന കാര്യവും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രതി എബിന് പോളിനെ സംഭവസ്ഥലങ്ങളില്‍ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ജൂതപ്പള്ളി പരിസരം, ആക്രമണത്തിന് ആവശ്യമായ ലൈറ്ററും പടക്കവും വാങ്ങിയ തൃപ്പൂണിത്തുറയിലെ കട, പെട്രോള്‍ ശേഖരിച്ച പുത്തന്‍കുരിശിലെ പമ്പ് എന്നിവിടങ്ങളിലാണ് പ്രധാനമായും തെളിവെടുപ്പ് നടന്നത്. സിനഗോഗിന് മുന്നിലെ ഹോര്‍ട്ടി കള്‍ച്ചര്‍ നഴ്സറിയില്‍ എത്തിച്ച വേളയില്‍, ഫ്ളക്സുകള്‍ക്കും ബാനറുകള്‍ക്കും തീകൊളുത്തിയ രീതി പ്രതി വിശദീകരിച്ചു നല്കി. എബിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധന നിലവില്‍ പുരോഗമിക്കുകയാണ്.
കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന് പോളിന് ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സംശയം; ടെലഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം