തിരുവനന്തപുരം: സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന 'പിങ്ക് ബസ്' സർവീസ് നാളെ മുതൽ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിക്കും.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മാത്രമായി രാത്രികാല യാത്രാസൗകര്യം ഒരുക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ തലസ്ഥാന നഗരിയിലാണ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്നത്.
തമ്പാനൂരിൽ നിന്ന് ആരംഭിക്കുന്ന ബസ് ടെക്നോപാർക്കിലേക്ക് പോയി തിരികെ എത്തുന്ന രീതിയിലാണ് സമയക്രമീകരണം നടത്തിയിട്ടുള്ളത്. വൈകുന്നേരം 6:00 മണി മുതൽ രാത്രി 10:45 വരെയാണ് സർവീസ് ഉണ്ടാകുക. തിരുവനന്തപുരത്തെ സർവീസ് വിജയകരമാകുന്നതോടെ ഘട്ടംഘട്ടമായി സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.