തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ (SIT) രൂപീകരിച്ച് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഡിഐജി തോംസൺ ജോസിനാണ് രണ്ട് അന്വേഷണങ്ങളുടെയും സമ്പൂർണ്ണ മേൽനോട്ടച്ചുമതല. പിണറായി വിജയൻ ഒന്നാം പ്രതിയായ കേസ് എസ്പി ഇ.എൻ. സുരേഷും, മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ബാലകൃഷ്ണനും അന്വേഷിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിനാലാണ് രണ്ട് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി തടയൽ നിയമപ്രകാരം എടുത്ത ഈ രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണ വിജയൻ രണ്ടാം പ്രതിയാണ്.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇ.ഡി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വിജിലൻസ് കേസ് എടുത്തിരിക്കുന്നത്. പിണറായി വിജയനും മുഹമ്മദ് റിയാസും തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് അനധികൃതമായി പണമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വീണ വിജയൻ സ്വന്തം കമ്പനിയായ 'എക്സാലോജിക്' വഴി കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നതാണ് ആദ്യത്തെ കേസ്. നൽകാത്ത സേവനത്തിന്റെ പേരിൽ 3.28 കോടി രൂപ വാങ്ങിയെന്നും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വാങ്ങിയ ഈ തുക പിണറായി വിജയനുള്ള കൈക്കൂലിയാണെന്നുമാണ് ഇ.ഡി കണ്ടെത്തിയിട്ടുള്ളത്. ഈ കേസിൽ സി.എം.ആർ.എൽ കമ്പനി ഉടമ ശശിധരൻ കർത്ത ഉൾപ്പെടെ ഏഴ് പേർ പ്രതികളാണ്.
മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി സമ്പാദിച്ച പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിലും വീണ തന്നെയാണ് രണ്ടാം പ്രതി. റിയാസും വീണയും ചേർന്ന് റിയാസിന്റെ സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി ഇടനിലക്കാർ വഴി 85 ലക്ഷം രൂപ യു.എ.ഇയിലേക്ക് അയച്ചെന്നാണ് കേസ്. ദുബായിൽ വസ്ത്ര കയറ്റുമതി ബിസിനസ് നടത്തുന്നതിനുള്ള ചർച്ചകൾ പ്രതികൾ തമ്മിൽ നടത്തിയിരുന്നു. വീണയുടെ വസതിയിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത ഡയറി കുറിപ്പുകളാണ് ഇതിന് പ്രധാന തെളിവായി ചൂണ്ടിക്കാണിക്കുന്നത്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴിയും മറ്റ് സുപ്രധാന രേഖകളും ക്രൈംബ്രാഞ്ച് എസ്.ഐ.ടി വിജിലൻസിന് കൈമാറിയിട്ടുണ്ട്. റിയാസിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ എട്ട് പ്രതികളാണ് ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം: രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു; DIG തോംസൺ ജോസിന് മേൽനോട്ടം