മാനസ കൊലക്കേസ് : ബിഹാറില്‍ അറസ്റ്റിലായ പ്രതി തോക്ക് പരിശീലിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
Jaihind TV News Report
Jaihind TV Web Desk
August 08, 2021
1 min read
•
Updated: June 10, 2026
മാനസ വധക്കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ പിടിയിലായ പ്രതികള്‍ തോക്ക് ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. തോക്ക് വാങ്ങാനായി രാഖിലിനെ സോനു കുമാർ മോദിയുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവറും ഇടനിലക്കാരനുമായ മനേഷ് കുമാർ തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. രാഖിലിനെയാണോ ഇയാള്‍ പരിശീലിപ്പിക്കുന്നത് എന്നത് വ്യക്തമാകേണ്ടതുണ്ട്. പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ വില്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
കൊലപാതകവുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും ഇന്ന് കേരളത്തിലെത്തിക്കും. രാഖിലിന് തോക്ക് നല്‍കിയ സോനു കുമാർ മോദി, രാഖിലിനെ സോനു കുമാറിന് അരികിലെത്തിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാർ എന്നിവരാണ് ഇന്നലെ പിടിയിലായത്. വൈകിട്ട് 6 മണിയോടെ നെടുമ്പാശേരി അന്താരാഷ്ട വിമാനത്താവളത്തിലെത്തുന്ന പ്രതികളെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ ഓഫീസിൽ ഹാജരാക്കും. ഇന്ന് വൈകിട്ടോടെ വിമാനമാര്‍ഗം നെടുമ്പാശേരിയിൽ എത്തിക്കുന്ന പ്രതികളെ നാളെ കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. രാഖിലിന് പിസ്റ്റള്‍ നല്‍കിയത് ബിഹാർ സ്വദേശി സോനു കുമാറാണ്. രാഖിലിനെ പട്‌നയില്‍ സഹായിച്ച ടാക്‌സി ഡ്രൈവറാണ് മനേഷ് കുമാർ. തോക്കുവാങ്ങാന്‍ രാഖിലിനെ സോനുവിന്‍റെ അടുത്തെത്തിച്ചത് മനേഷ് കുമാറായിരുന്നു. ബിഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
ടാക്സി ഡ്രൈവർ മനേഷ് കുമാർ പിസ്റ്റൾ പരിശീലിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
രാഖിൽ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെ ബിഹാറിൽ നടത്തിയ യാത്രയുടെ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. 35,000 രൂപമുടക്കി രാഖിൽ തോക്ക് വാങ്ങിയതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. അതേസമയം പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ വില്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയെന്നും സൂചനയുണ്ട്. പ്രതികളുടെ മൊബൈലിൽ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോൺ വന്നതായും പൊലീസ് കണ്ടെത്തി. പിടിയിലായ സോനുകുമാർ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണെന്ന് പൊലീസ് സംശയിക്കുന്നു. രാഖില് ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പൊലീസ് നിഗമനം. രാഖിലിൻ്റെ സുഹൃത്ത് ആദിത്യനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ജൂലൈ 30നാണ് നാടിനെ ഞെട്ടിച്ച മാനസ കൊലപാതകം നടന്നത്. കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്‍റൽ കോളേജില്‍ ഹൗസ് സർജന്‍സി ചെയ്യുകയായിരുന്ന പി.വി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം രാഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. രണ്ടു വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രാഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10