6 ലോകകപ്പുകൾ, 200 അന്താരാഷ്ട്ര മത്സരങ്ങൾ, കന്നി ഹാട്രിക്; അൽജീരിയയെ തകർത്ത് മെസ്സിയുടെ റെക്കോർഡ് വേട്ട
അന്താരാഷ്ട്ര കരിയറിലെ 200-ാം മത്സരത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തിരുത്തിയെഴുതി ലയണല്‍ മെസ്സി. ലോകകപ്പ് കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീനയ്ക്ക് ക്യാപ്റ്റന്റെ കന്നി ലോകകപ്പ് ഹാട്രിക്കിലൂടെ സ്വപ്നതുല്യമായ തുടക്കം. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍, കടുത്ത വെല്ലുവിളി ഉയര്‍ത്തിയ അല്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്.
മത്സരത്തിനിറങ്ങിയതോടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ പുരുഷ താരം എന്ന അത്യപൂര്‍വ്വ നേട്ടം മെസ്സി സ്വന്തമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന തന്റെ തന്നെ റെക്കോര്‍ഡ് മെസി ഈ മത്സരത്തോടെ 27 ആയി ഉയര്‍ത്തി. മത്സരത്തിന്റെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. 38-ാം വയസ്സില്‍ നേടിയ ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ബഹുമതിയും ഇനി മെസ്സിക്ക് സ്വന്തം.
മത്സരത്തില്‍ ഹാട്രിക് തികച്ചതോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം മെസ്സിയെത്തി. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടിയതോടെ 15 ഗോളുകളുമായി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയ്‌ക്കൊപ്പമെത്തിയ താരം, തൊട്ടുപിന്നാലെ ഹാട്രിക്കിലൂടെ ക്ലോസെയെ തൊടുകയായിരുന്നു. നേരത്തെ നടന്ന മത്സരത്തില്‍ താല്‍ക്കാലികമായി മുന്നിലെത്തിയ കിലിയന്‍ എംബാപ്പെയെയും ഈ ഹാട്രിക്കോടെ മെസ്സി പിന്നിലാക്കി. കൂടാതെ, അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന അപൂര്‍വ റെക്കോര്‍ഡും മെസ്സി സ്വന്തം പേരിലാക്കി.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന്റെ മികച്ചൊരു ത്രൂ പാസില്‍ നിന്ന് മനോഹരമായൊരു കര്‍വിങ് ഷോട്ടിലൂടെയാണ് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അല്‍ജീരിയന്‍ പ്രതിരോധത്തെ പാടെ കാഴ്ചക്കാരാക്കിയായിരുന്നു രണ്ടാമത്തെ ഗോള്‍. അണ്ടര്‍ഡോഗുകളായി വന്ന് അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ അല്‍ജീരിയയെ മെസ്സിയുടെ അസാധ്യ ഫോമിന്റെയും, ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികച്ച സേവുകളുടെയും കരുത്തിലാണ് അര്‍ജന്റീന മറികടന്നത്. ഇറ്റലി (1934, 1938), ബ്രസീല്‍ (1958, 1962) എന്നീ രാജ്യങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ലയണല്‍ സ്‌കലോണിയുടെ അര്‍ജന്റീന ഈ വിജയത്തോടെ ലക്ഷ്യം വെക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.