നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ കനത്ത തിരിച്ചടിയുടെ ഞെട്ടലിലാണ് ഇടതുമുന്നണി നേതൃത്വം. സംസ്ഥാന വ്യാപകമായി വീശിയടിച്ച യുഡിഎഫ് തരംഗം കോഴിക്കോടിനെയും ബാധിച്ചുവെന്നാണ് മുന്നണിയുടെ പ്രാഥമിക വിശദീകരണം. ജില്ലയിലെ ആകെയുള്ള 13 മണ്ഡലങ്ങളിൽ ബേപ്പൂർ മാത്രമാണ് ഇടതുമുന്നണിക്ക് നിലനിർത്താനായത്. വരും ദിവസങ്ങളിൽ തോൽവിയുടെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ പഠനവും ചർച്ചകളും നടത്താനാണ് മുന്നണി പാർട്ടികളുടെ തീരുമാനം.
തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും പരാജയം ഇത്ര കഠിനമാകുമെന്ന് കരുതിയിരുന്നില്ലെന്ന് സിപിഎം നേതൃത്വം സമ്മതിക്കുന്നു. ചെറിയ ഭൂരിപക്ഷത്തിന് ജയിക്കാറുള്ള മണ്ഡലങ്ങളിൽ ഇത്തവണ പ്രത്യേക ശ്രദ്ധ നൽകിയിരുന്നെങ്കിലും അവിടെയെല്ലാം യുഡിഎഫ് ഭൂരിപക്ഷം കുത്തനെ ഉയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് താഴെത്തട്ടിലുള്ള കമ്മിറ്റികളിലെ കണക്കുകൾ വിശദമായി പരിശോധിക്കും. ഇതിന് ശേഷമേ പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടാകൂ.
നാദാപുരം മണ്ഡലത്തിലെ അപ്രതീക്ഷിത തോൽവി സിപിഐയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിന് ശേഷം താഴെത്തട്ടിലുള്ള കമ്മിറ്റികൾ ചേർന്ന് റിപ്പോർട്ടുകൾ ശേഖരിക്കും. അതേസമയം, കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഇടതു കേന്ദ്രങ്ങളിൽ നിന്ന് ബിജെപിയിലേക്ക് വോട്ട് ചോർന്നതായി ഐഎൻഎൽ വിലയിരുത്തുന്നു. പൊറ്റമ്മൽ, കോവൂർ മേഖലകളിൽ ബിജെപി വോട്ട് വർദ്ധിച്ചപ്പോൾ പന്നിയങ്കര പോലുള്ള ഇടങ്ങളിൽ ബിജെപി വോട്ട് യുഡിഎഫിന് ലഭിച്ചതായും പ്രാഥമിക വിലയിരുത്തലുണ്ട്.