തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിന് കീഴിൽ നടക്കുന്ന അക്രമസംഭവങ്ങളും അരാജകത്വവും കേരളത്തിന് തന്നെ വലിയ അപമാനമായി മാറിയിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. മുൻപ് സിപിഎം അലങ്കോലമാക്കിയ കോർപ്പറേഷൻ ഭരണം ബിജെപി ഏറ്റെടുത്തതോടെ കാര്യങ്ങൾ ഒരുപടി കൂടി വഷളായിരിക്കുകയാണ്. തുടർച്ചയായ അക്രമസംഭവങ്ങളാണ് ഇപ്പോൾ കോർപ്പറേഷനിൽ നിന്ന് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കോർപ്പറേഷനിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥന് നേരെ ക്രൂരമായ കയ്യേറ്റമുണ്ടായി. ശബരിനാഥന്റെ പിതാവും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ജി. കാർത്തികേയനെപ്പോലും അധിക്ഷേപിക്കുന്ന രീതിയിലാണ് ബിജെപി കൗൺസിൽ അംഗം സംസാരിച്ചത്. കൂടാതെ, യുഡിഎഫ് വനിതാ കൗൺസിലർമാരായ എസ്. ഷെർളി, അനിത അലക്സ് എന്നിവരെയും ബിജെപി അംഗങ്ങൾ ആക്രമിച്ചു. പരിക്കേറ്റ ഇരുവരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുണ്ടകളെപ്പോലെ പെരുമാറിയ സിപിഎം, ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മഴക്കാലം രൂക്ഷമായതോടെ നഗരവാസികൾ രോഗങ്ങളും വെള്ളക്കെട്ടും മൂലം കടുത്ത ദുരിതത്തിലാണ്. നിത്യവൃത്തിക്ക് പോലും വകയില്ലാതെ പതിനായിരങ്ങൾ ബുദ്ധിമുട്ടുമ്പോഴും ഇതൊന്നും കാണാൻ ഭരണാധികാരികൾക്ക് കണ്ണോ കാതോ ഇല്ല. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ ബിജെപിയും ഇടതുപക്ഷവും ചേർന്ന് ചവിട്ടിയരക്കുകയാണ്. 46 ദിവസത്തിന് ശേഷം ചേർന്ന കോർപ്പറേഷൻ യോഗം വെറും 5 മിനിറ്റ് കൊണ്ട് 640 അജണ്ടകൾ പാസാക്കിയത് തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. ഒരു കാപ്പ കേസ് പ്രതിയെ സംരക്ഷിക്കാൻ വേണ്ടിയാണ് ബിജെപി ഇത്രയധികം തരംതാഴുന്നത്. നിരവധി അക്രമക്കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. അധികാരം കിട്ടിയതോടെ പുറത്തുവരുന്ന ബിജെപിയുടെ തനിസ്വരൂപം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.