Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആടിനെ പട്ടിയാക്കുന്ന സി.പി.എം രീതിയും ഇസ്ലാം തീവ്രവാദത്തിന്‍റെ ചാപ്പ കുത്തലും : കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആടിനെ പട്ടിയാക്കുന്ന സി.പി.എം രീതിയും ഇസ്ലാം തീവ്രവാദത്തിന്‍റെ ചാപ്പ കുത്തലും : കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സി.പി.എം പ്രതിസന്ധികളില്‍ ചെന്നുചാടുമ്പോള്‍ വ്യാഖ്യാനങ്ങളുമായി എപ്പോഴും എത്തുന്നത് ആടിനെ പട്ടിയാക്കുന്ന ന്യായവാദങ്ങള്‍ ഉയർത്തിപ്പിടിച്ചാണ്. മണ്‍മറഞ്ഞുപോയ സി.പി.എം നേതാക്കള്‍ ഇതിന് ആദർശത്തിന്‍റെ പരിവേഷങ്ങള്‍ ചാർത്തി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴുള്ള പാർട്ടി നേതാക്കളുടെ രാഷ്ട്രീയ വിദ്യാഭ്യാസക്കുറവ് പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്കുള്ള ഘോഷയാത്രകളായി മാറുകയാണ്. മാവോ വിവാദത്തിന്‍റെ പേരില്‍ രണ്ട് പാർട്ടി സഖാക്കളെ ആദ്യം ന്യായീകരിക്കുകയും പിന്നീട് പാർട്ടി നേതൃത്വത്തിന്‍റെ കണ്ണുരുട്ടലില്‍ മലക്കം മറിയുകയും ചെയ്ത കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ന്യായീകരണ വിഭ്രാന്തികളാണ് ഈ കുറിപ്പിനാധാരം. കമ്യൂണിസ്റ്റ് കുടുംബത്തിലെ അലന്‍ വാവയെയും താഹാ ഫസലിനെയും മാവോയിസ്റ്റാക്കുകയും ഒടുവില്‍ അതിന് ഇസ്ലാം തീവ്രവാദത്തിന്‍റെ ചാപ്പ കുത്തുകയും ചെയ്യുന്ന സി.പി.എമ്മിന്‍റെ നവരീതികളെക്കുറിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കെ.എം ഷാജി എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം : ഏതൊരു വിഷയവും അതിന്റെ മെറിറ്റിൽ ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ലൊരു ഉപാധിയാണ് ഇസ്ലാം ഭീതി എന്നത്. ടി പി വധക്കേസ്സിലെ 'മാഷാ അള്ളാഹ്' സ്റ്റിക്കർ മുതൽ ഗെയിൽ, നാലുവരിപ്പാത, മലപ്പുറത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള മുസ്ലിം വിരുദ്ധ പരാമർശം, ഏറ്റവുമൊടുവിൽ, ഒദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ പേരിൽ വടകര പോലീസ് സബ് ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ മുസ്ലിം സ്വത്വത്തിനെതിരെയുള്ള സിപിഎം നേതാവ് ഭാസ്കരന്റെ കൊലവിളി പ്രസംഗമടക്കം ഇത്തരത്തിലുള്ളതാണ്. വിജയരാഘവനും കടകംപള്ളി സുരേന്ദ്രനും പി മോഹനനും ഭാസ്കരനുമുൾപ്പെടെ നേരത്തെ അച്യുതാനന്ദനടക്കമുള്ളവർ സമീപഭൂതകാലത്തെ സി പി എം മുന്നോട്ട് വെക്കുന്ന ഈ മനോഭാവത്തിന്റെ നിദർശനങ്ങളാണ്. സംഘ് പരിവാർ നരേറ്റീവിന് ഔദ്യോഗിക സാധുത നിർമ്മിച്ച് നൽകുന്ന ഈ മുസ്ലിം ഹേറ്റേഴ്സ് അമ്പരപ്പിക്കുന്ന തരത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നാവായി മാറുന്നതിന്റെ രഹസ്യം പുതിയ കാലത്ത് സംഘ്പരിവാർ പ്രിവിലേജ് പട്ടികയിൽ ഒന്നാമതെത്തുക എന്നത് കൂടിയാണ്. മാവോയിസ്റ്റുകൾക്ക് പിറകിൽ മുസ്ലിം തീവ്രവാദികളാണെന്ന പി മോഹനന്റെ വന്യഭാവന എത്രമേൽ വിഷല്പിതമാണ്.ഏതെങ്കിലും സംഘടനകളിലൊന്നിനെ പറയുന്നത് പോലെയല്ല, ഒരു മതത്തെ ഒന്നടങ്കം തീവ്രവാദി എന്നാക്ഷേപിക്കുന്നത്. ഒരു സംഹിതയെ അങ്ങേയറ്റം നിരുത്തരവാദപരമായി മാവോയിസ്റ്റുകൾക്ക് പിറകിൽ പ്രവർത്തിക്കുന്ന തീവ്രവാദികളാക്കി ചിത്രീകരിക്കാൻ മോഹനൻ ഉപയോഗിച്ച സംജ്ഞ തന്നെ അങ്ങേയറ്റം അപകടകരമാണ്. ഇപ്പോഴത്തെ കണ്ടുപിടുത്തം ഇതിന് പിറകിൽ എസ്ഡിപിഐ ആണെന്നാണ്. അങ്ങനെയെങ്കിൽ ആഭ്യന്തര മന്ത്രിയുടെ ആത്മസുഹൃത്തായ മോഹനൻ ഈ ഇൻഫർമേഷൻ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളല്ലേ അയാൾ വ്യക്തമാക്കേണ്ടത്. അതല്ലാതെ മോഹനന്റെ മനസ്സിൽ വിരിഞ്ഞ ഇസ്ലാമോഫോബിക് തിരക്കഥ യുഎപിഎ അടക്കമുള്ള വിഷയങ്ങളെ വഴി തിരിച്ചുവിടാൻ ഉപാധിയാക്കുകയാണോ ചെയ്യേണ്ടിയിരുന്നത്.? മാവോയിസ്റ്റുകൾ ഏതെങ്കിലുമൊരു തത്വസംഹിതയുമായി പ്രത്യക്ഷമായ ബന്ധം പുലർത്തുന്നുണ്ടെങ്കിൽ അത് മോഹനന്റെ പാർട്ടിയായ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുമായാണ്. അത് വിഭാവനം ചെയ്യുന്ന അശാസ്ത്രീയ സങ്കല്പങ്ങൾ സാധ്യമാക്കാൻ കളി തോക്കുമായി ഇറങ്ങിയിരിക്കുന്ന സ്വപ്നലോകത്തെ കോമാളികളാണവർ.ഇവർക്കൊപ്പം മുസ്ലിം ഭീതി കൂടി സമം ചേർത്താൽ കിട്ടുന്ന സാധ്യതയുടെ വലിയ രസതന്ത്രമുണ്ട്.മോഹനനെ പോലുള്ളവർ കണ്ണ് വെക്കുന്നതും കുമ്മനത്തെ പോലെയുള്ളവർ അതിനെ അഭിവാദ്യം ചെയ്യുന്നതും എന്തിനാണെന്ന് തിരിച്ചറിയാൻ മുസ്ലിം സഖാക്കളൊഴികെയുള്ളവർക്ക് മിനിമം സെൻസ് മതി. മാർക്സിസ്റ്റു പാർട്ടിക്കാരെ പോലും റിക്രൂട്ട് ചെയ്യുന്ന തീവ്രവാദത്തിന്റെ കേന്ദ്രമായി കേരളം മാറിയെന്ന് ഭരിക്കുന്ന പാർട്ടിയിലെ മോഹനനെ പോലെയുള്ള ദുരന്തങ്ങളാണ് നിലവിളിക്കുന്നത് എന്നോർക്കുക. മോദിയുടെ ഭരണത്തിന് തീവ്രതയില്ലെന്ന് സാക്ഷി മഹാരാജ് പറയുന്നത് പോലെയൊരു അസംബന്ധം. സ്വന്തം തത്വസംഹിതയുടെ പിടിപ്പുകേടുകൾകൊണ്ട് ആളുകൾ വഴി തെറ്റുമ്പോൾ അതിന് പിറകിലെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കാനാണ് മാർക്സിസ്റ്റു പാർട്ടി ശ്രമിക്കേണ്ടത്. അവിടെയും സാഹചര്യത്തിന് ഒട്ടും യോജിക്കാത്ത ഇസ്ലാമോഫോബിയയുടെ സാധ്യതകൾ തിരയുന്ന മനോരോഗികളെയാണ് സിപിഎം തലോടി വളർത്തുന്നത്. ഒരു കൗൺസിലിംഗ് നൽകിയാൽ തീരാവുന്ന പ്രശ്നമേ മാവോയിസ്റ്റുകൾക്കൊള്ളൂവെന്ന് പലരും പറയാറുണ്ട്. പക്ഷേ, വിജയരാഘവനും മോഹനനും ഭാസ്കരനുമൊക്കെ ഉൾപ്പെടുന്നവരുടെ വർഗ്ഗീയ അസ്കിതക്കു ഏത് തരം മനോരോഗ ചികിത്സയാണ് നിങ്ങൾക്ക് നിർദേശിക്കാനാവുക? എല്ലാത്തിനും മറുപടി പറയേണ്ട ബാധ്യതയുണ്ട്. കാരണം എന്റേതൊരു മുസ്ലിം സ്വത്വമാണെന്ന യു എസ് ഡമോക്രാറ്റിക് പാർട്ടി പ്രതിനിധി ഇൽഹാൻ ഒമറിന്റെ സംഭാഷണം ഓർത്ത് പോവുകയാണ്. സമകാലിക പ്രശ്നവത്കരണങ്ങളിൽ സകല മനോരോഗികളെയും അഡ്രെസ്സ് ചെയ്യുന്ന വാക്കുകളാണത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in