തിരുവനന്തപുരം: സംസ്ഥാനത്ത് 2027-ലെ പൊതു അവധി ദിനങ്ങൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒക്ടോബർ 18-ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങൾ സംബന്ധിച്ച വിജ്ഞാപനം വന്നിട്ടുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് എന്നിവ ഉൾപ്പെടെ ആകെ 21 ദിവസങ്ങളാണ് പട്ടികയിൽ പൊതു അവധികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.
പ്രധാന അവധി ദിനങ്ങൾ മാസക്രമത്തിൽ:
ജനുവരി: ജനുവരി 2-ന് മന്നം ജയന്തിയോടെയാണ് അവധി ദിനങ്ങൾ ആരംഭിക്കുന്നത്. ജനുവരി 26-ന് റിപ്പബ്ലിക് ദിനവും അവധിയാണ്.
മാർച്ച്: മാർച്ച് 6-ന് മഹാശിവരാത്രി, മാർച്ച് 10-ന് ഇദുൽ ഫിത്തർ (റംസാൻ), മാർച്ച് 25-ന് പെസഹ വ്യാഴം, മാർച്ച് 26-ന് ദുഃഖവെള്ളി എന്നിവയാണ് ഈ മാസത്തെ അവധികൾ.
ഏപ്രിൽ: ഏപ്രിൽ 14-ന് ഡോ. ബി.ആർ. അംബേദ്കർ ജയന്തിയും, ഏപ്രിൽ 15-ന് വിഷുവും ആഘോഷിക്കും.
മെയ് & ജൂൺ: മെയ് 1-ന് മെയ് ദിനവും, മെയ് 17-ന് ബക്രീദും (ഇദുൽ അദ്ഹ) വരുന്നു. ജൂൺ 15-നാണ് മുഹറം.
ഓഗസ്റ്റ്: ഓഗസ്റ്റ് 2-ന് കര്‍ക്കടക വാവ്, ഓഗസ്റ്റ് 24-ന് ശ്രീകൃഷ്ണ ജയന്തി, ഓഗസ്റ്റ് 28-ന് അയ്യങ്കാളി ജയന്തി എന്നിവയാണ് ഓഗസ്റ്റിലെ അവധി ദിനങ്ങൾ.
സെപ്റ്റംബർ (ഓണം മാസം): സെപ്റ്റംബറിലാണ് ഇത്തവണ ഓണം വരുന്നത്. സെപ്റ്റംബർ 13-ന് മൂന്നാം ഓണവും, സെപ്റ്റംബർ 14-ന് നാലാം ഓണവും, സെപ്റ്റംബർ 15-ന് ശ്രീനാരായണ ഗുരു ജയന്തിയും അവധിയാണ്. കൂടാതെ സെപ്റ്റംബർ 22-ന് ശ്രീനാരായണ ഗുരു സമാധി ദിനവും പൊതു അവധിയായിരിക്കും.
ഒക്ടോബർ, ഡിസംബർ: ഒക്ടോബർ 2-ന് ഗാന്ധിജയന്തിയും, ഒക്ടോബർ 28-ന് ദീപാവലിയും ഡിസംബർ 25-ന് ക്രിസ്മസും പൊതു അവധികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
റംസാൻ, ബക്രീദ്, മുഹറം തുടങ്ങിയ അവധി ദിനങ്ങൾ ചന്ദ്രദർശനത്തിന് അനുസരിച്ച് മാറാൻ സാധ്യതയുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അവധി ദിവസങ്ങളുമായി ഒത്തുവന്ന പ്രത്യേക ദിനങ്ങൾ:
പൊതു അവധി ദിവസങ്ങളായ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വന്നതിനാൽ ചില പ്രധാന ആഘോഷങ്ങൾ പ്രത്യേക പൊതു അവധി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈസ്റ്റർ (മാർച്ച് 28 ഞായർ), മിലാദ്-ഇ-ഷെരീഫ് (ഓഗസ്റ്റ് 14 രണ്ടാം ശനി), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15 ഞായർ), ഒന്നാം ഓണം (സെപ്റ്റംബർ 11 രണ്ടാം ശനി), തിരുവോണം (സെപ്റ്റംബർ 12 ഞായർ), മഹാനവമി (ഒക്ടോബർ 9 രണ്ടാം ശനി), വിജയദശമി (ഒക്ടോബർ 10 ഞായർ) എന്നീ ദിവസങ്ങളാണ് ഇത്തരത്തിൽ അവധി പട്ടികയിൽ നേരിട്ട് വരാത്തത്.
നിയന്ത്രിത അവധി ദിനങ്ങളും മറ്റ് അറിയിപ്പുകളും:
ചില വിഭാഗങ്ങളിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഉപയോഗിക്കാവുന്ന മൂന്ന് നിയന്ത്രിത അവധി ദിനങ്ങളും വിജ്ഞാപനത്തിലുണ്ട്. മാർച്ച് 4-ന് അയ്യ വൈകുണ്ഡ സ്വാമി ജയന്തി (നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്ക്), ഓഗസ്റ്റ് 17-ന് ആവണി അവിട്ടം (ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ജീവനക്കാർക്ക്), സെപ്റ്റംബർ 17-ന് വിശ്വകർമ ദിനം (വിശ്വകർമ സമുദായത്തിൽപ്പെട്ട ജീവനക്കാർക്ക്) എന്നിങ്ങനെയാണ് നിയന്ത്രിത അവധികൾ.
ഇതിനുപുറമേ, ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 2027 മാർച്ച് 23-ന് ഹോളി പ്രമാണിച്ച് അവധിയായിരിക്കും. ഈ വിജ്ഞാപനം സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതു ഓഫീസുകളിലെ അവധി ദിനങ്ങൾ മാത്രമാണ് വ്യക്തമാക്കുന്നത് എന്നതിനാൽ ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ അവധി പട്ടികകളിൽ മാറ്റങ്ങളുണ്ടായേക്കാം.
2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാപനം പുറത്തിറങ്ങി