തിരുവനന്തപുരം: മുൻ ഭരണകാലത്ത് അനാഥമായി കിടന്ന സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ജീവൻ പകരാൻ 2074 കോടി രൂപയുടെ വൻ പദ്ധതികളുമായി വി.ഡി. സതീശൻ സർക്കാരിന്റെ പുതുക്കിയ ബജറ്റ്. ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ളതാണ് ഈ ജനകീയ ബജറ്റെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജും പ്രഖ്യാപിച്ച ബജറ്റിൽ സാധാരണക്കാരന്റെ ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാനുള്ള ചരിത്രപരമായ പ്രഖ്യാപനങ്ങളാണുള്ളത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ യുഡിഎഫ് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിനായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തി. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനക്ഷമതയും നിലവാരവും അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകും. ഇതിനുപുറമേ, മുൻ സർക്കാർ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ കെ.എം.എസ്.സി.എല്ലിന്റെ (KMSCL) മരുന്ന് സംഭരണ രീതി പൂർണ്ണമായും പരിഷ്കരിക്കുമെന്നും വിപണിയിൽ ലഭ്യമല്ലാത്ത അപൂർവ മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സാധാരണക്കാരുടെ കണ്ണീരൊപ്പാൻ മുൻ സർക്കാർ വരുത്തിവെച്ച കാരുണ്യ സുരക്ഷാ പദ്ധതിയിലെ വൻ കുടിശ്ശികകൾ ഘട്ടം ഘട്ടമായി തീർക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പാവപ്പെട്ട രോഗികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന ഉയർന്ന ചികിത്സാ ചെലവുകൾ കുറയ്ക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കും. തീരദേശ ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക 'കോസ്റ്റൽ കെയർ യൂണിറ്റുകൾ' ആരംഭിക്കും. നാടിനെ ഭീതിയിലാഴ്ത്തുന്ന മാരക രോഗങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലർത്തുന്നതിനായി പുതിയ 'ക്യാൻസർ പ്രതിരോധ പദ്ധതി'യും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ബജറ്റിലൂടെ ശക്തമാക്കും.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം മുൻകൂട്ടി ഉറപ്പാക്കാൻ വിപ്ലവകരമായ ഒരു ജീവിതശൈലി രോഗനിർണ്ണയ പദ്ധതിയും ബജറ്റിലുണ്ട്. സംസ്ഥാനത്ത് 40 വയസ്സ് കഴിഞ്ഞ എല്ലാ പൌരന്മാർക്കും വർഷത്തിൽ ഒരിക്കൽ നിർബന്ധിത ആരോഗ്യ പരിശോധന സർക്കാർ ഉറപ്പാക്കും. രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി സൌജന്യ ചികിത്സ നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും. പ്രതിസന്ധികൾക്കിടയിലും നാടിന്റെ ആരോഗ്യം കാക്കാൻ യുഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.