വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തുനിന്ന് കാറ്റി സക്കറിയ പടിയിറങ്ങി. ചുമതലയേറ്റു വെറും അഞ്ച് ദിവസത്തിനുള്ളിലാണ് കാറ്റി സ്ഥാനം ഒഴിഞ്ഞത്. ഇതോടെ വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം പ്രസ് സെക്രട്ടറി പദവിയിലിരുന്ന വ്യക്തിയായി കാറ്റി മാറി. യോഗ്യത സംബന്ധിച്ച വിവാദങ്ങളും ആദ്യ പത്രസമ്മേളനത്തിലെ പിഴവുകളുമാണ് ഈ അടിയന്തര നടപടിക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
നിയമബിരുദം നേടിയെങ്കിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ബാർ പരീക്ഷ കാറ്റി പാസായിരുന്നില്ല. എന്നാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവരെ 'അറ്റോർണി' എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. താനും അഭിഭാഷകയാണെന്ന് കാറ്റി ആദ്യഘട്ടത്തിൽ അവകാശപ്പെട്ടിരുന്നെങ്കിലും ബാർ പരീക്ഷ പാസായിട്ടില്ലെന്ന് പിന്നീട് സമ്മതിക്കേണ്ടി വന്നു. ഇതിനുപുറമെ, ആദ്യ പത്രസമ്മേളനത്തിനിടെ ട്രംപിനെ അബദ്ധത്തിൽ 'ഭർത്താവ്' എന്ന് വിശേഷിപ്പിച്ചതും വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കി.
വെള്ളിയാഴ്ച വൈകിട്ടാണ് വൈറ്റ് ഹൗസിൽനിന്ന് പടിയിറങ്ങുന്ന കാര്യം കാറ്റി സ്ഥിരീകരിച്ചത്. ട്രംപിനെ പുകഴ്ത്തിക്കൊണ്ട് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ച അവർ, അദ്ദേഹത്തിനുവേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നുവെന്ന് വ്യക്തമാക്കി. ട്രംപിനെ ദയയും മാന്യതയുമുള്ള വ്യക്തിയെന്ന് വിശേഷിപ്പിച്ച കാറ്റി, അമേരിക്കയെ മഹത്തരമാക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂവെന്നും കുറിച്ചു. അതേസമയം, കാറ്റിക്ക് വൈകാതെ തന്നെ പുതിയ ചുമതല നൽകുമെന്ന് വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചെങ്കിലും പുതിയ ചുമതല എന്താണെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചുമതലയേറ്റു അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങി; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലാവധി