രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 96 കടന്നു. ഇറാന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ രൂപയുടെ മൂല്യത്തില്‍ 5.5 ശതമാനം ഇടിവാണ് ഉണ്ടായത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം, അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടം, ഹോര്‍മുസ് കടലിടുക്ക്, ആഗോള ഡോളര്‍ ഡിമാന്‍ഡുമൊക്കെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളാണ്.
രൂപയുടെ മൂല്യം ഇടിയുന്നതോടെ ഇന്ധന ഇറക്കുമതിക്ക് കൂടുതല്‍ രൂപ ചെലവാക്കേണ്ട സാഹചര്യമുണ്ടാകും. ഇത് പെട്രോള്‍, ഡീസല്‍, പാചകവാതകം ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ വില ഉയരാന്‍ ഇടയാക്കും. അതിന്റെ പ്രതിഫലനം പണപ്പെരുപ്പത്തിലും സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിലും പ്രത്യക്ഷമാകും.
ഇറാന്‍ യുദ്ധവും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും വിദേശ വിനിമയ വിപണിയെയും ആഭ്യന്തര സമ്പദ്വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എണ്ണവില വര്‍ധനവും ഡോളറിന്റെ കരുത്തും രൂപയുടെ മൂല്യം ഇനിയും കുറയാന്‍ ഇടയാക്കിയേക്കാം. ആര്‍.ബി.ഐയുടെ ഇടപെടലുകളും സര്‍ക്കാരിന്റെ ഇറക്കുമതി നിയന്ത്രണങ്ങളും വരും ദിവസങ്ങളില്‍ രൂപയുടെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.