കേരള രാഷ്ട്രീയത്തില്‍ പകരക്കാരില്ലാത്ത കരുത്തുറ്റ പോരാട്ടത്തിന്റെ കഥ പറഞ്ഞ് വടശ്ശേരി ദാമോദരന്‍ സതീശന്‍ ഭരണസിംഹാസനത്തിലേക്ക്. അസാധ്യമെന്ന് പലരും കരുതിയ യു.ഡി.എഫിന്റെ തിരിച്ചുവരവിനെ 102 സീറ്റുകളുടെ മഹാവിജയത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയ 'ടീം ലീഡര്‍' ഇനി കേരളത്തെ നയിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്കും, ജനങ്ങളുടെ ഹൃദയമിടിപ്പറിഞ്ഞുള്ള യാത്രകള്‍ക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. പറവൂരിന്റെ പ്രിയപുത്രനില്‍ നിന്ന് കേരളത്തിന്റെ അമരക്കാരനിലേക്കുള്ള സതീശന്റെ വളര്‍ച്ച ഒരു പുതിയ രാഷ്ട്രീയ യുഗത്തിന്റെ തുടക്കമാണ്.
വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍ 2021-ല്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുമ്പോള്‍ കേരളം ഒരു പുതിയ രാഷ്ട്രീയ പരീക്ഷണത്തിലായിരുന്നു. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണമേറ്റെടുത്ത കരുത്തുറ്റ ഇടതുമുന്നണിയെ നേരിടുക എന്ന വലിയ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്. അഞ്ചു വര്‍ഷത്തിനപ്പുറം യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരികെ എത്തിക്കുക എന്നത് കേവലം രാഷ്ട്രീയ പ്രവര്‍ത്തനം എന്നതിലുപരി ഒരു നിശബ്ദ വിപ്ലവം തന്നെയായിരുന്നു. എന്നാല്‍, വി.ഡി. എന്ന നേതാവ് ഉയര്‍ന്നു വന്നപ്പോള്‍ ഭരണപക്ഷത്തെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള, വിജ്ഞാനവും വാക്ചാതുരിയുമുള്ള ഒരു പടത്തലവനെയാണ് കേരളം കണ്ടത്.
ജനകീയ യാത്രയും വിസ്മയ വിജയവും
പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹം നടത്തിയ 'പുതുയുഗയാത്ര' കേരള രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒന്നായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു മാസം നീണ്ടുനിന്ന ആ യാത്ര വെറുമൊരു രാഷ്ട്രീയ ജാഥയായിരുന്നില്ല; മറിച്ച് കേരളത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒന്നായിരുന്നു. ഓരോ പ്രദേശത്തെയും അടിസ്ഥാന പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞും അവ ഡയറിയില്‍ കുറിച്ചെടുത്തും ജനങ്ങളോട് സംവദിച്ച സതീശന്‍, വരാനിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇവ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി. 102 സീറ്റുകളുടെ 'വിസ്മയ വിജയം' നേടുമെന്ന അദ്ദേഹത്തിന്റെ പ്രവചനം ഫലം വന്നപ്പോള്‍ യാഥാര്‍ത്ഥ്യമായത് അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസത്തിന്റെ തെളിവായി മാറി.
മാതൃകാപരമായ നിലപാടുകളും കരുണയുടെ രാഷ്ട്രീയവും
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വി.ഡി. സതീശനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ നിലപാടിലെ ധീരതയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് പരസ്യമായി വെല്ലുവിളിച്ചതും ഭരണപക്ഷത്തെ ഒരു ഡസണ്‍ അധികം മന്ത്രിമാര്‍ പരാജയപ്പെടുമെന്ന് മുന്‍കൂട്ടി പറഞ്ഞതും രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തി. എന്നാല്‍ ഇതിനെല്ലാം അപ്പുറം സഹജീവികളോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ ശ്രദ്ധേയമാണ്. ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട വിനോദിനി എന്ന കുട്ടിക്ക് കൃത്രിമ കൈ വെച്ചുനല്‍കിയതും പ്രളയകാലത്ത് പറവൂരില്‍ നടപ്പിലാക്കിയ 'പുനര്‍ജ്ജനി' പദ്ധതിയിലൂടെ തകര്‍ന്നുപോയ വീടുകള്‍ പുനര്‍നിര്‍മ്മിച്ചതും അദ്ദേഹത്തിന്റെ കരുണയുടെ രാഷ്ട്രീയത്തിന്റെ അടയാളങ്ങളാണ്. പുനര്‍ജ്ജനിയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് അദ്ദേഹം പുതിയൊരു ജീവിതം നല്‍കിയത്.
ടീം യുഡിഎഫിന്റെ നായകന്‍
തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ മാന്യത ഏറെ പ്രശംസനീയമായിരുന്നു. വിജയം 'ടീം യുഡിഎഫിന്റെ' ക്രെഡിറ്റാണെന്നും തോല്‍വി സംഭവിച്ചാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്തമാണെന്നും പ്രഖ്യാപിച്ച ആ ധൈര്യം സതീശനെ ഒരു പക്വതയുള്ള നേതാവായി അടയാളപ്പെടുത്തി. നിയമസഭയ്ക്കുള്ളില്‍ കൃത്യമായ കണക്കുകളും തെളിവുകളും സഹിതം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ അദ്ദേഹം, ഓരോ ചര്‍ച്ചകളിലും ഗഹനമായ പഠനമാണ് നടത്തിയത്. അനാവശ്യ പ്രസംഗങ്ങള്‍ ഒഴിവാക്കി, വസ്തുതകളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇന്ന് കേരളം വലിയ വില കല്‍പ്പിക്കുന്നു. പറവൂരിന്റെ പ്രിയപുത്രനില്‍ നിന്ന് കേരളത്തിന്റെ മുഴുവന്‍ വിശ്വസ്തനായ നേതാവിലേക്കുള്ള വി.ഡി. സതീശന്റെ വളര്‍ച്ച ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.
അസാധ്യമായതിനെ സാധ്യമാക്കിയ 'വിസ്മയം'; കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍; യു.ഡി.എഫിന്റെ അമരക്കാരന്‍ ഇനി കേരളത്തിന്റെ ഭരണസാരഥി