തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ വിളിച്ച സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നിലപാടുകൾക്കെതിരെ അതിരൂക്ഷ വിമർശനം. സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം പാർട്ടിക്കും സർക്കാരിനും വലിയ തിരിച്ചടിയായെന്ന് യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേരിട്ട പ്രധാന പ്രതിസന്ധികൾക്കെല്ലാം കാരണം ഈ സംഗമമാണെന്നാണ് ഉയർന്നുവന്ന പ്രധാന ആക്ഷേപം. ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ഇതെന്നും, ഇത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായിപ്പോയെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഈ പരിപാടി പൂർണ്ണമായും പ്രതികൂലമായി ബാധിച്ചുവെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണ്ണക്കൊള്ള ആരോപണവും യോഗത്തിൽ വലിയ ചർച്ചയായി. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. നേതൃത്വത്തിന്റെ ഈ മൗനം താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. പത്മകുമാറിനെതിരെ പാർട്ടി എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞിട്ടുണ്ടോ എന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചതും യോഗത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയും സർക്കാർ നിലപാടുകൾക്കെതിരെയും താഴെത്തട്ടിലുള്ള നേതാക്കൾ പരസ്യമായി രംഗത്തുവരുന്നത് സംസ്ഥാന നേതൃത്വത്തിന്റെ പച്ചക്കൊടിയോടെയാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ, പറയാനുള്ളതെല്ലാം മുഖംനോക്കാതെ തുറന്നുപറയണമെന്നും ആഴത്തിലുള്ള ചർച്ചകൾ ഉണ്ടാകണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം താഴേത്തട്ടിലേക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കമ്മിറ്റിയിൽ മുതിർന്ന നേതാക്കളെപ്പോലും പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള പരസ്യമായ തിരുത്തൽവാദവും വിമർശനങ്ങളും ഉയർന്നുവരുന്നത്.