തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന മുന്‍ സിപിഎം കോര്‍പ്പറേഷന്‍ കൗണ്‍സിലറും പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു പിടിയില്‍. തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് ഒളിച്ചുതാമസിക്കുന്നതിനിടെ തമ്പാനൂര്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസ് നോക്കിനില്‍ക്കെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയോടെയാണ് ഐ.പി. ബിനു അടക്കമുള്ള സിപിഎം നേതാക്കള്‍ ഒളിവ് പോയത്. തുടര്‍ന്ന് പോലീസ് നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വീട്ടിലും പോലീസ് സംഘം പരിശോധന നടത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തമ്പാനൂരിലെ ഹോട്ടലിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ കൃത്യമായ പങ്കാളിത്തം ബോധ്യപ്പെട്ട 12 പേരെയാണ് നിലവില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ ഐ.പി. ബിനു പിടിയിലായതോടെ കേസില്‍ ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ഇഡി വാഹനത്തിന് നേരെ മുട്ടയേറ്; ഒളിവിലായിരുന്ന സിപിഎം നേതാവ് ഐ.പി ബിനു പിടിയിൽ
എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന മുന്‍ സിപിഎം കോര്‍പ്പറേഷന്‍ കൗണ്‍സിലറും പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയു...