പത്തനംതിട്ട: എക്സൈസ് വകുപ്പിനേക്കാൾ കൂടുതൽ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറിയെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. സഹകരണ മേഖലയിൽ 'ഫോക്കസ്' ചെയ്ത് പിടിക്കേണ്ട നിരവധി അഴിമതിക്കാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിൽ നടന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നാട്ടുകാരുടെ പണം തട്ടിയെടുത്ത് മക്കളുടെയും മരുമക്കളുടെയും പേരിൽ ബിനാമി സ്വത്തുക്കൾ ഉണ്ടാക്കുന്നവർ നിരവധിയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും സി.പി.ഐ.എം ആണെങ്കിലും യു.ഡി.എഫ് ആണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നയവും ഇതിന് കൃത്യമായ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി.ജെ. കുര്യൻ, അബിൻ വർക്കി എം.എൽ.എ, പത്തനംതിട്ട ഡി.സി.സി അധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവരും പങ്കെടുത്തു.