ഐഫോൺ ഉപയോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ പേ സേവനങ്ങൾ ഉടൻ ഇന്ത്യയിൽ ആരംഭിച്ചേക്കും. ഒക്ടോബർ മാസത്തോടെ സേവനം ആരംഭിക്കുമെന്നാണ് സൂചനകൾ. ഇതിന് മുന്നോടിയായി 'ബിസിനസ് ഡെവലപ്മെന്റ് മാനേജർ - വാലറ്റ്, പേയ്മെന്റ്സ് ആൻഡ് കൊമേഴ്സ്' തസ്തികയിലേക്ക് ആപ്പിൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ പ്രധാന ബാങ്കിങ് പങ്കാളിയായി ആക്‌സിസ് ബാങ്കുമായി കമ്പനി സഹകരിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രത്യേകം പേയ്മെന്റ് ആപ്പുകൾ ഒന്നും തുറക്കാതെ തന്നെ ഡിവൈസിൽ സൂക്ഷിച്ചിരിക്കുന്ന ടോക്കണൈസ്ഡ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് 'ടാപ്പ്-ആൻഡ്-പേ' (Tap-and-Pay) പർച്ചേസുകൾ നടത്താൻ ഇത് സഹായിക്കും. ഉപയോക്താക്കളുടെ യഥാർത്ഥ കാർഡ് നമ്പറിന് പകരം ഒരു സുരക്ഷിത ടോക്കൺ മാത്രമാണ് ഡിവൈസിൽ സൂക്ഷിക്കുന്നത് എന്നതിനാൽ വ്യാപാരികൾക്ക് കാർഡ് വിവരങ്ങൾ ലഭിക്കില്ല. കോൺടാക്റ്റ്ലെസ് ടെർമിനലുകൾക്ക് സമീപം ഐഫോണോ ആപ്പിൾ വാച്ചോ പിടിച്ച്, ഫെയ്‌സ് ഐഡി, ടച്ച് ഐഡി അല്ലെങ്കിൽ പാസ്‌കോഡ് വഴി മിനിറ്റുകൾക്കുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാം
ഐഫോൺ, ആപ്പിൾ വാച്ച്, ഐപാഡ് ഉപയോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ ഉപയോഗവും പങ്കാളിത്തവും സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഫോൺ ഉപയോക്താക്കൾക്ക് ആശ്വാസം: 'ആപ്പിൾ പേ' ഒക്ടോബറിൽ ഇന്ത്യയിലെത്തിയേക്കും