ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) രംഗത്ത്. അല്ലാത്തപക്ഷം രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ ന്യൂഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയായ ഗ്യാനേഷ് കുമാർ ഏറ്റവും വലിയ ദേശവിരുദ്ധനാണെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ദിപ്കെ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾ ഉടൻ മരവിപ്പിക്കുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങളും സിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങൾ, പരീക്ഷകളിലെ ക്രമക്കേടുകൾ എന്നിവയ്‌ക്കെതിരെ സംഘടന പ്രചാരണം തുടരുമെങ്കിലും ജനങ്ങൾക്ക് വോട്ടവകാശം കൃത്യമായി വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്തരം ശ്രമങ്ങൾ നിരർത്ഥകമാകുമെന്നും വിഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്ന കാര്യം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയും അഭിജീത് ദിപ്കെ സൂചിപ്പിച്ചിരുന്നു.
അതേസമയം, സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ ആഭ്യന്തര ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ നടപടിക്രമങ്ങളിലെ പാളിച്ചകൾ മറ്റ് കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം ചൂണ്ടിക്കാണിച്ചിരുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പല പരിഷ്കാരങ്ങളും പുറത്തുവന്നതെന്ന് സന്ധുവും ജോഷിയും കാബിനറ്റ് സെക്രട്ടറിയെ വെവ്വേറെ കുറിപ്പുകളിലൂടെ അറിയിച്ചതായി 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിഇസിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണം, ഇല്ലെങ്കിൽ രാജ്യവ്യാപക സമരം: കോക്രോച്ച് ജനത പാർട്ടി