പാലക്കാട്: അട്ടപ്പാടി മധു കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹുസൈനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിച്ചു.
കേസിലെ നിർണായക തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. സാക്ഷിമൊഴികൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
ഹുസൈനെതിരായ കുറ്റം അതീവ ഗൗരവമുള്ളതാണെന്നും ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കി. കേസിലെ തെളിവുകളും സാക്ഷിമൊഴികളും കൃത്യമായി വിലയിരുത്തിയാൽ പ്രതിക്കെതിരായ കുറ്റം നിലനിൽക്കുമെന്ന് സർക്കാർ വാദിക്കുന്നു.
സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫ് ആണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.