ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരം അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. സെപ്റ്റംബർ 11ന് മാഹിയിലെ ആയിഷാ മൻസിലിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്.
രാജ് സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥനാണ് ചിത്രം നിർമ്മിക്കുന്നത്. ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഉഷാശ്രീധരനും സ്നിഷ രമേഷും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു.
പോണ്ടിച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്, വ്യവസായ പ്രമുഖൻ സുധാകരൻ പൂക്കോട് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത നിർമാതാവും എക്സിബിറ്ററുമായ ലിബർട്ടി ബഷീർ സ്വിച്ചോൺ കർമം നിർവഹിച്ചു. മാഹി എം.എൽ.എ അഡ്വ. ടി. ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പ് നൽകി ചിത്രീകരണത്തിന് തുടക്കമിട്ടു. കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
പൂർണമായും ഹൊറർ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ കഥ കണ്ണൂരും പരിസര പ്രദേശങ്ങളും പശ്ചാത്തലമാക്കിയാണ് വികസിക്കുന്നത്. ഏറെക്കാലമായി കണ്ണൂർ മേഖലയിൽ ചർച്ചയായ ഒരു കേസിന്റെ അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെയാണ് കഥ പുരോഗമിക്കുന്നത്.
അന്വേഷണം മുന്നോട്ടുപോകുന്നതിനനുസരിച്ച് അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. തുടക്കം മുതൽ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
അമലാ പോളിനൊപ്പം വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ, ആദ്യാ അമിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്.
എം.പി. സുനീഷാണ് തിരക്കഥ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിങ്ങും നിർവഹിക്കുന്നു. ഹരി നാരായണനും മുത്തു വിവേക് മൂഴുക്കുന്നും ഗാനരചന നിർവഹിക്കുന്നു. നന്ദഗോപനും കെ.കെ. നിഷാദും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.
സാബു റാം കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ.ജെ. വിനയൻ. ആകാശ് എം., സജി മുണ്ടൂർ, രാഹുൽ കൃഷ്ണൻ വി. എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്.
രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ദിനേശ് കുമാറും അനു വിശ്വനാഥും കൊറിയോഗ്രഫി നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. ഷിബി ശിവദാസാണ് സ്റ്റിൽസ്.
സുജൻ കുമാറാണ് ലൈൻ പ്രൊഡ്യൂസർ. അനിൽകുമാർ മാങ്കാവ് ഫിനാൻസ് കൺട്രോളറായും ദിലീപ് കുമാർ എം.കെ., ബിജു പാറക്കൽ എന്നിവർ ഫിനാൻസ് മാനേജർമാരായും പ്രവർത്തിക്കുന്നു. ഷംനാസ് എം. അഷറഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അഷറഫ് പഞ്ചാര പ്രൊഡക്ഷൻ എക്സിക്യൂട്ടീവും തോബിയാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്.
തലശ്ശേരി, മാഹി, വടകര, കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടക്കുക.