കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ ബി.ജെ.പിക്ക് പോയതായി മുന്‍മന്ത്രിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന അഹമ്മദ് ദേവര്‍കോവില്‍. മണ്ഡലത്തിലെ പരാജയത്തിന് പ്രധാന കാരണം ബി.ജെ.പിയുടെ അപ്രതീക്ഷിത മുന്നേറ്റമാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ സൗത്ത് മണ്ഡലത്തില്‍ മാത്രമാണ് ആദ്യ രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മുന്നിട്ടുനിന്നത്. ജില്ലയിലെ മറ്റ് 11 മണ്ഡലങ്ങളിലും എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു നടന്നത്. എന്നാല്‍ സൗത്തില്‍ ബി.ജെ.പിക്ക് വന്‍തോതില്‍ വോട്ടുകള്‍ കൂടിയത് ഗൗരവപരമായി പരിശോധിക്കണമെന്ന് അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.
നഗരമണ്ഡലത്തിലെ സി.പി.എമ്മിന്റെ ഉറച്ച വോട്ടുകളില്‍ വിള്ളല്‍ വീണതാണ് പരാജയത്തിലേക്ക് നയിച്ചത്. ചിന്താവളപ്പ്, പുതിയറ, ചാലപ്പുറം, പുതിയപാലം ഭാഗങ്ങള്‍ വരുന്ന ആദ്യ റൗണ്ടുകളില്‍ അഹമ്മദ് ദേവര്‍കോവില്‍ 1806 വോട്ടിലേക്ക് ചുരുങ്ങിയപ്പോള്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി. റെനീഷ് 2585 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫൈസല്‍ ബാബു 2244 വോട്ടും നേടി കരുത്തറിയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ് വോട്ടുകള്‍ ചോര്‍ന്ന ആഴ്ചവട്ടം, കിണാശ്ശേരി ഭാഗങ്ങളില്‍ ഇത്തവണ ഫൈസല്‍ ബാബു ലീഡ് തിരിച്ചുപിടിക്കുകയും ചെയ്തു.
ജനവിധി മാനിക്കുന്നുവെന്നും സംസ്ഥാന കമ്മിറ്റിക്ക് ശേഷം ഫലം വിശദമായി വിലയിരുത്തി തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021-ല്‍ എല്‍.ഡി.എഫ് പിടിച്ചെടുത്ത മണ്ഡലം ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫൈസല്‍ ബാബു തിരിച്ചുപിടിക്കുകയായിരുന്നു.
കോഴിക്കോട് സൗത്തില്‍ സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് പോയി; തോല്‍വിയില്‍ അഹമ്മദ് ദേവര്കോവില്