നിയമസഭാ കയ്യാങ്കളിയില്‍ സർക്കാരിനെ പിന്തുണച്ചില്ല ; വനിതയെന്ന പരിഗണന പോലും തരാതെ ഒറ്റപ്പെടുത്തി : സുപ്രീകോടതി തീരുമാനത്തില്‍ സന്തോഷമെന്ന് അഡ്വ. ബീന സതീഷ്
Jaihind TV News Report
Jaihind TV Web Desk
July 28, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിയില്‍ സുപ്രീംകോടതിയില്‍ സർക്കാർ തിരിച്ചടി നേരിടുമ്പോള്‍, തന്‍റെ നിലപാടുകള്‍ക്കുളള അംഗീകാരമാണ് കോടതിയുടെ തീരുമാനമെന്ന് കേസ് പിന്‍വലിയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർത്ത മുന്‍ സര്‍ക്കാര്‍ അഭിഭാഷക ബീന സതീഷ്. സർക്കാരിന്‍റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിന്‍റെ പേരില്‍ കടുത്ത അവഹേളനം നേരിട്ടുവെന്നും ബീന പറഞ്ഞു.
സിപിഎം അനുകൂലികളായ ചില സഹപ്രവര്‍ത്തകരില്‍നിന്നും കടുത്ത എതിര്‍പ്പുകളും ഒറ്റപ്പെടുത്തലുകളുമാണ് തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങളില്‍ ചികിത്സ തേടേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
"സര്‍ക്കാരിന്‍റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ശുചിമുറി പോലുമില്ലാത്ത ഓഫീസിലേക്കാണ് വനിതയെന്ന പരിഗണന പോലും തരാതെ സ്ഥലം മാറ്റിയത്. 21 വര്‍ഷത്തെ സര്‍വീസിനിടെ ഒരു മെമ്മോ പോലും സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കാത്ത ആളായിരുന്നു ഞാന്‍. അങ്ങനെയുള്ളപ്പോളാണ് ഒരു കേസിന്‍റെ ഭാഗമായി സ്ഥലം മാറ്റുന്നത്. അതെന്റെ സര്‍വീസ് ജീവിതത്തില്‍ ആദ്യത്തെ സംഭവമാണ്.
"എന്റെ നിലപാടുകള്‍ക്ക് നിയമം അറിയുന്നവര്‍ മുഴുവന്‍ പിന്തുണ നല്‍കി. വഞ്ചിയൂര്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ എന്റെ നിലപാടുകള്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്. എറണാകുളം എ.സി.ജെ.എം. കോടതിയില്‍ അവിടുത്തെ പ്രോസിക്യൂട്ടറാണ് കേസ് ഫയല്‍ ചെയ്തത്. അത് പിന്നീട് വഞ്ചിയൂര്‍ സി.ജെ.എമ്മിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ എന്ന പേരില്‍ രാജഗോപാല്‍ എന്നയാള്‍ രംഗത്ത് വന്നു. എന്നാല്‍, പ്രതിക്ക് കോടതിയില്‍ ഈ വിഷയത്തില്‍ വാദം പറയാനുള്ള അവകാശമില്ലെന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു.' ബീന സതീഷ് പറഞ്ഞു.
നിരവധി വര്‍ഷം പ്രോസിക്യൂട്ടറായിരുന്ന രാജഗോപാല്‍ തന്നെ പലതവണ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍ നിലപാട് ശരിയല്ലാതിരുന്നതുകൊണ്ടാണ് കൂടെ നില്‍ക്കാതിരുന്നതെന്നും ബീന വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10