നടൻ വിനോദ് കോവൂരും മുഖ്യമന്ത്രി വി.ഡി സതീശനും തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ കുറിപ്പും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വെച്ചുണ്ടായ തികച്ചും ഹൃദ്യമായ അനുഭവമാണ് വിനോദ് കോവൂർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. തന്നെ കണ്ടയുടൻ ആവേശത്തോടെ ചേർത്തുപിടിച്ച മുഖ്യമന്ത്രി, മൂന്ന് വർഷം മുമ്പുള്ള ഒരു പഴയ കൂടിക്കാഴ്ചയും അതിൽ പറഞ്ഞ കാര്യങ്ങളും കൃത്യമായി ഓർത്തെടുത്ത് സംസാരിച്ചപ്പോൾ താൻ ശരിക്കും അത്ഭുതപ്പെട്ടുപോയെന്ന് താരം കുറിച്ചു.
വിനോദ് കോവൂർ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലുള്ള സ്കൈ ലൈൻ ഫ്ലാറ്റിൽ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു ഈ സമാഗമം. കേരളത്തിന്റെ ജനകീയനായ മുഖ്യനെ ഒന്ന് നേരിൽ കാണണമെന്ന് താൻ ഏറെ ആഗ്രഹിച്ചിരുന്നതായും കുടുംബസമേതമാണ് അദ്ദേഹത്തെ കാണാൻ പോയതെന്നും താരം പറയുന്നു. മുഖ്യമന്ത്രിക്ക് ഒപ്പം എസ്‌കോർട്ട് വന്ന സുരക്ഷാ ജീവനക്കാരെല്ലാം പ്രശസ്ത ഹാസ്യ പരമ്പരയായ 'മറിമായ'ത്തിന്റെ ആരാധകരായിരുന്നെന്നും അവർ തന്നെ സ്നേഹത്തോടെ ഒപ്പം നിർത്തിയെന്നും വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു.
ലിഫ്റ്റിൽ നിന്നിറങ്ങി കാത്തുനിന്ന മുഖ്യമന്ത്രി, വിനോദ് കോവൂരിനെ കണ്ടതും ആവേശത്തോടെ ചേർത്തുപിടിക്കുകയായിരുന്നു. ഇവിടെയാണോ താമസമെന്ന് ചോദിച്ചറിഞ്ഞ ശേഷം, മുൻപ് ഒരുമിച്ച് പങ്കെടുത്ത ഒരു ചടങ്ങിന്റെ ഓർമ്മകൾ മുഖ്യമന്ത്രി പങ്കുവെച്ചു. "മുമ്പ് നമ്മൾ ഒരുമിച്ചുണ്ടായിരുന്ന ഒരു ചടങ്ങിൽ വെച്ച് ഞാൻ നിങ്ങളുടെ വലിയ ഫാനാണെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ?" എന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചപ്പോൾ താൻ അമ്പരന്നുപോയെന്നാണ് വിനോദ് കോവൂർ പറയുന്നത്. പ്രിയ ജനനായകന്റെ ഈ എളിമയും പെരുമാറ്റവും വലിയ സന്തോഷം നൽകിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.