ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പവിഴമല്ലിത്തറ മേളത്തിൽ ഇത്തവണയും മേളപ്രമാണിയായി നടൻ ജയറാം അണിനിരക്കുന്നു. ഇത് തുടർച്ചയായി 13-ാം തവണയാണ് ജയറാം ചോറ്റാനിക്കരയിൽ മേള പ്രമാണിയാകുന്നത്. നൂറ്റിയമ്പതിലേറെ വാദ്യമേള കലാകാരന്മാരാണ് ഇത്തവണ ജയറാമിന്റെ നേതൃത്വത്തിൽ മേളപ്പൂരത്തിന് അണിനിരക്കുന്നത്. മേളത്തിന് മുന്നോടിയായി അദ്ദേഹം ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിച്ചു. ഓർമ്മവെച്ച നാൾ മുതൽ ഓടിക്കളിച്ച തിരുനടയിൽ കൊട്ടാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമാണെന്നും ഒട്ടേറെ പ്രഗത്ഭരായ കലാകാരന്മാർ തനിക്കൊപ്പം അണിനിരക്കുന്നുണ്ടെന്നും ജയറാം പ്രതികരിച്ചു.
അഭിനയത്തിന് പുറമെ ജയറാമിന് ഏറെ അഭിനിവേശമുള്ള മേഖലകളിലൊന്നാണ് ചെണ്ടവാദനം. സിനിമയിൽ സജീവമായ ശേഷമാണ് അദ്ദേഹം ചെണ്ടയിൽ ഔപചാരിക പഠനം ആരംഭിക്കുന്നത്. പ്രശസ്ത മേളപ്രമാണി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ശിക്ഷണത്തിലായിരുന്നു പാരമ്പര്യ കലാരൂപത്തിലെ ഈ അഭ്യാസം. 2017-ൽ കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു പാണ്ടിമേളത്തിൽ ജയറാമിന്റെ അരങ്ങേറ്റം നടന്നത്. മട്ടന്നൂരിന്റെ ശിക്ഷണത്തിൽ 101 വാദ്യകലാകാരന്മാരുടെ അകമ്പടിയോടെയായിരുന്നു ഈ അരങ്ങേറ്റം. പഞ്ചാരിമേളത്തിൽ അതിനുമുമ്പുതന്നെ അദ്ദേഹം നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'സ്വപാനം' എന്ന ചിത്രത്തിൽ ഒരു ചെണ്ട കലാകാരനായി ജയറാം വേഷമിടുകയും ചെയ്തിരുന്നു.
അതേസമയം, ചലച്ചിത്ര രംഗത്ത് മലയാളത്തേക്കാൾ മറുഭാഷാ സിനിമകളിലാണ് ജയറാം ഇപ്പോൾ സജീവമായിരിക്കുന്നത്. മകൻ കാളിദാസ് ജയറാമിനൊപ്പം അഭിനയിച്ച 'ആശകൾ ആയിരം' എന്ന ചിത്രമാണ് മലയാളത്തിൽ അദ്ദേഹത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.
പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി താരം