മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അതിക്രമങ്ങളിലും കൈയേറ്റങ്ങളിലും ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 10 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്.
ഒക്ടോബർ 11-നും 14-നും ഇടയിൽ കൊണാട്ട് പ്ലേസ്, കമല മാർക്കറ്റ് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിഷേധക്കാർക്ക് നേരെ ചില വലതുപക്ഷ പ്രവർത്തകർ ആക്രമണം നടത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളുടെയും പോസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇതിൽ കൊണാട്ട് പ്ലേസിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് 'ഗൗരവ്' എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് അക്രമികൾക്കായി തിരച്ചിൽ തുടരുകയാണ്. കമല മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിഷേധക്കാരെ ഉപദ്രവിച്ചതിന് നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും കൃത്രിമം കാണിച്ച വീഡിയോകളും പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാന നില തകരാറിലാക്കാൻ ശ്രമിച്ച അക്കൗണ്ടിന്റെ വിവരങ്ങൾ നൽകാൻ എക്സ് (X) പ്ലാറ്റ്ഫോമിനോട് പൊലീസ് ആവശ്യപ്പെട്ടു. വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 17 എണ്ണം ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ പങ്കുവെച്ച 37 സോഷ്യൽ മീഡിയ ഹാൻഡിലുകൾ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ഐടി ആക്ട് പ്രകാരം നടപടികൾ സ്വീകരിച്ചുവരികയാണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും എസ്ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് രാജ്യതലസ്ഥാനത്ത് വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്ഐആർ; അഞ്ച് പേർ അറസ്റ്റിൽ